ന്യൂദല്‍ഹി- ഭീകരതയും തീവ്രവദാവും ഇപ്പോഴും പാക്കിസ്ഥാന്‍ നയത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ ആ രാജ്യവുമായി സാധാരണ ബന്ധം വളരെ പ്രയാസകരമാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു.
ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഏഷ്യാ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റിയൂട്ടുമായി (എ.എസ്.പി.ഐ) നടത്തിയ ഓണ്‍ലൈന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയെ പാക്കിസ്ഥാന്‍ ന്യായീകരിക്കുകയാണെന്നും അത് അവരുടെ നയത്തിന്റെ ഭാഗമായിരിക്കയാണെന്നും ജയശങ്കര്‍ പറഞ്ഞു.
കശ്മീര്‍, പൗരത്വ ഭേദഗതി നിയമം (സി.എ.എ) എന്നിവ ഉന്നയിക്കാന്‍ എല്ലാ അന്താരാഷ്ട്ര വേദികളിലും പാക്കിസ്ഥാന് അവസരം ലഭിക്കുന്നുവല്ലോ എന്ന ചോദ്യത്തിന് കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും ജനങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ജയശങ്കര്‍ പറഞ്ഞു.
അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനാണ് പൗരത്വ നിയമഭേദഗതിയെന്നും അദ്ദേഹം അവകാശപ്പെട്ടു.