ന്യൂദല്‍ഹി- 1990നു ശേഷം ഇന്ത്യയില്‍ ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ പത്തിലേറെ വര്‍ഷം വര്‍ധിച്ചതായി പഠനം. എന്നാല്‍ സംസ്ഥാനങ്ങളിലെ ആയുര്‍ദൈര്‍ഘ്യ നിരക്കില്‍ വലിയ വ്യത്യാസങ്ങളുണ്ടെന്നും പ്രമുഖ ശാസ്ത്ര ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നു. ലോകത്തൊട്ടാകെ 200ലേറെ രാജ്യങ്ങളിലെ 369 തരം രോഗങ്ങളും 286 തരം മരണകാരണങ്ങളും വിശകലനം ചെയ്തു നടത്തിയ പഠനമാണിത്.
ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 1990ല്‍ 59.6 വയസ്സായിരുന്നു. ഇത് 2019 ആയപ്പോഴേക്കും 70.8 വയസ്സായി വര്‍ധിച്ചു. കേരളത്തില്‍ ഇത് ദേശീയ ശരാശരിയേക്കാള്‍ വര്‍ധിച്ച് 77.3 വയസ്സും അതേസമയം ഉത്തര്‍ പ്രദേശില്‍ ദേശീയ നിരക്കിനേക്കാള്‍ താഴ്ന്ന് 66.9 വയസ്സുമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യയില്‍ ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ വര്‍ധന ഉണ്ടായിട്ടില്ലെന്നും ജനങ്ങള്‍ രോഗങ്ങളും അവശതകളും പേറി കൂടുതല്‍ കാലം ജീവിക്കുന്നതായും ഈ പഠനത്തില്‍ പങ്കെടുക്ക ഗവേഷകരില്‍ ഒരാളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്തിലെ ശ്രീനിവാസ് ഗോലി പറയുന്നു.
മാരക രോഗങ്ങളുണ്ടാക്കുന്ന പ്രതിസന്ധിയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകയില ഉപയോഗം, അന്തരീക്ഷ മലിനീകരണം തുടങ്ങി തടയാവുന്ന രോഗ കാരണങ്ങളെ തടയുന്നതിലെ പൊതുജനാരോഗ്യ രംഗത്തിന്റെ പാളിച്ചകളും ലോകത്തൊട്ടാകെ ജനങ്ങളെ കോവിഡ്19 പോലുള്ള രോഗങ്ങളിലേക്ക് തള്ളിവിടുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ആരോഗ്യ രംഗത്ത് ഇന്ത്യയുള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും ഉണ്ടായിട്ടുള്ള പ്രധാന പുരോഗതി പകര്‍ച്ചാവ്യാധികളുടെ കുറഞ്ഞു എന്നതാണ്- പഠനത്തില്‍ പങ്കെടുത്ത യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ പ്രൊഫസര്‍ അലി മൊക്ദാദ് പറയുന്നു. 'ഇന്ത്യയില്‍ മാതൃമരണ നിരക്ക് വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് കുറഞ്ഞു. ഹൃദ്രോഗങ്ങള്‍ അഞ്ചാം സ്ഥാനത്തായിരുന്നു. അതിപ്പോള്‍ ഒന്നാം സ്ഥാനത്താണ്. കാന്‍സര്‍ രോഗബാധകളും വര്‍ധിച്ചുവരികയാണ്,' അദ്ദേഹം പറഞ്ഞു.
മാരക രോഗങ്ങളുടെ വര്‍ധനയും അനുബന്ധ ഘടങ്ങളായ അമിത വണ്ണം, പ്രമേഹം, വായു മലിനീകരണം തുടങ്ങിയവയും കോവിഡ്19നും ഒന്നിച്ചുവരുന്നത് കോവിഡ് മരണ നിരക്ക് കൂട്ടിയതായും പഠനം പറയുന്നു.
തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ പ്രധാന കാരണം പകര്‍ച്ചാവ്യാധികളല്ലാത്ത രോഗങ്ങളാണ്. എന്നാല്‍ 30 വര്‍ഷം മുമ്പ് പകര്‍ച്ചാവ്യാധികളും മാതൃശിശു മരണങ്ങളും പോഷകക്കുറവ് മൂലമുള്ള രോഗങ്ങളുമായിരുന്നു ഇതിനു കാരണം. ഇന്ത്യയില്‍ മൊത്തം രോഗബാധിതരില്‍ 58 ശതമാനത്തിനും പകര്‍ച്ചാവ്യാധികള്‍ മൂലമുള്ള രോഗമല്ല. 1990ല്‍ ഇത് 29 ശതമാനമായിരുന്നു. അതേസമയം പകര്‍ച്ചാവ്യാധികള്‍ മൂലമല്ലാത്ത അകാല മരണങ്ങള്‍ 22 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി വര്‍ധിക്കുക്കുയം ചെയ്തിരിക്കുന്നു. ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കൂടുതല്‍ പേരുടേയും മരണത്തിനിടയാക്കിയത് ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളാണെന്നും പഠനം പറയുന്നു. സര്‍ക്കാരുകളുടെ പൊതുജനാരോഗ്യ നയത്തിലെ പാളിച്ചകള്‍ കാരണം നാം അനാരോഗ്യകരമായ ജീവിതശീലങ്ങള്‍ (ഭക്ഷണം, കാലറി, വ്യായാമം എന്നിവയുമായി ബന്ധപ്പെട്ടവ) മാറ്റുന്നതില്‍ പരാജയപ്പെടുന്നവെന്നും പഠന സംഘത്തിലെ വിദഗ്ധനായ ക്രിസ്റ്റഫര്‍ മുറെ പറയുന്നു.