ന്യൂദല്‍ഹി- പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഇതു സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപോര്‍ട്ട് ലഭിച്ചാലുടന്‍ നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. പെണ്‍മക്കളുടെ ശരിയായ വിവാഹ പ്രായം തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇക്കാര്യം പരിശോധിക്കുന്ന സമിതി എന്താണ് ഇപ്പോഴും ഒരു തീരുമാനം അറിയിക്കാത്തതെന്ന് രാജ്യത്തുടനീളമുള്ള പെണ്‍മക്കള്‍ എന്നോട് അന്വേഷിക്കുന്നുണ്ട്- മോഡി പറഞ്ഞു. ഫൂഡ് ആന്റ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ 75 വര്‍ഷം നീണ്ട ബന്ധത്തിന്റെ വാര്‍ഷികത്തിന്റെ ഭാഗമായി 75 രൂപയുടെ പുതിയ കോയിന്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ചു പഠിക്കാന്‍ സെപ്തംബര്‍ 22ന് കേന്ദ്ര സര്‍കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. വിവാഹ പ്രായവും മാതൃത്വ പ്രായവും തമ്മിലുള്ള ബന്ധം, ഗര്‍ഭ കാലത്തും പ്രസവ സമയത്തും അതിനു ശേഷവുമുള്ള അമ്മമാരുടേയും നവജാതശിശുക്കളുടേയും ആരോഗ്യവും പോഷക നിലയും, ശിശുമരണ നിരക്ക്, പ്രസവ മരണ നിരക്ക്, ജനനത്തിലെ ലിംഗാനുപാതം, കുട്ടികളുടെ ലിംഗാനുപാതം തുടങ്ങിയ നിരക്കുകള്‍ അളക്കുന്ന മാനദണ്ഡങ്ങള്‍ എന്നിവ സംബന്ധിച്ചും സമിതി പഠനം നടത്തുന്നുണ്ട്.