ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ബല്ലിയയില്‍ റേഷന്‍ ഷോപ്പ് അനുവദിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ബിജെപി എഎല്‍എ സുരേന്ദ്ര സിങുമായി അടുപ്പമുള്ള ധിരേന്ദ്ര സിങ് ഒരാളെ വെടിവച്ചു കൊലപ്പെടുത്തി. ദുര്‍ജന്‍പൂരില്‍ പ്രാദേശിക അധികാരികള്‍ പങ്കെടുത്ത യോഗത്തിനിടെയാണ് സംഭവം. അധികൃതരും പോലീസും പങ്കെടുത്ത യോഗത്തിനിടെ ഇരുവിഭാഗമായി ചേരിതിരിഞ്ഞ് തര്‍ക്കമുണ്ടാകുകയായിരുന്നു. നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 46കാരനായ ജയപ്രകാശാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്ഥരും അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രതി ധിരേന്ദ്ര സിങ് ബിജെപിയുടെ മുന്‍സൈനികരുടെ സംഘടനയുടെ അധ്യക്ഷനാണ്.
യോഗത്തിലുണ്ടായ തര്‍ക്കത്തിനിടെ മൂന്ന് റൗണ്ട് വെടിവെപ്പാണ് നടന്നത്. ഇതിനിടെ ആളുകള്‍ ചിതറിയോടുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 20ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.