ചെന്നൈ-അതിഗുരുതരാവസ്ഥയിലുള്ള വയോധികനെ മൊബൈല്‍ മോര്‍ച്ചറിയില്‍ മരിക്കാന്‍ വിട്ട് കുടുംബം. രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ വാര്‍ത്ത തമിഴ്‌നാട്ടിലെ സേലത്തുനിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊബൈല്‍ മോര്‍ച്ചറിയിലെ കടുത്ത തണുപ്പില്‍നിന്ന് ചൊവ്വാഴ്ചയാണ് 74കാരനായ ബാലസുബ്രഹ്മണ്യ കുമാറിനെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം വയോധികനെ മരിക്കാനായി ഒരു രാത്രി ഫ്രീസറില്‍ വയ്ക്കുകയായിരുന്നു കുടുംബം.
മൊബൈല്‍ മോര്‍ച്ചറി തിരികെയെടുക്കാനെത്തിയ ഏജന്‍സി ജീവനക്കാരനാണ് വയോധികന്‍ മരിച്ചിട്ടില്ലെന്നു കണ്ടെത്തിയത്. വയോധികന്റെ സഹോദരനാണ് മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുത്തത്. മൊബൈല്‍ മോര്‍ച്ചറിക്കകത്ത് ശ്വാസം എടുക്കാന്‍ കഷ്ടപ്പെടുന്ന വയോധികന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, ആത്മാവ് ശരീരം വിട്ടിട്ടില്ലെന്നും തങ്ങള്‍ അതിനായി കാത്തിരിക്കുകയാണെന്നുമാണ് കുടുംബത്തിന്റെ വിശദീകരണം. സ്വകാര്യ കമ്പനിയിലെ സ്‌റ്റോര്‍ കീപ്പര്‍ ആയി ജോലി ചെയ്തിരുന്ന ബാലസുബ്രഹ്മണ്യ കുമാര്‍ വിഭാര്യനായ സഹോദരനും ഭിന്നശേഷിക്കാരിയായ അനന്തിരവള്‍ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.