Sorry, you need to enable JavaScript to visit this website.

വാര്‍ത്താ ചാനലുകളുടെ ആഴ്ചതോറുമുള്ള റേറ്റിങ് ബാര്‍ക്ക് നിര്‍ത്തിവെച്ചു

ന്യുദല്‍ഹി- ടിവി കാഴ്ചക്കാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് റിപബ്ലിക് ടിവി അടക്കം ഏതാനും ചാനലുകള്‍ നടത്തി തട്ടിപ്പു വെളിച്ചതായതിനു പിന്നാലെ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ (ബാര്‍ക്ക്) ആഴ്ച തോറുമുള്ള വാര്‍ത്താ ചാനലുകളുടെ ടിആര്‍പി റേറ്റിങ് താല്‍ക്കാലികമായി നിര്‍ത്തി. കാഴച്ചക്കാരുടെ ശരാശരി എണ്ണം തിട്ടപ്പെടുത്തുന്നതിന് നിലവില്‍ ഉപയോഗിച്ചു വരുന്ന മാര്‍ഗങ്ങളും മാനദണ്ഡങ്ങളും പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായാണിതെന്ന് ബാര്‍ക്ക് പറയുന്നു. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്കു പുറമെ എല്ലാ പ്രാദേശിക ഭാഷാ ചാനലുകളുടേയും റേറ്റിങ് നിര്‍ത്തിവെക്കുന്നതായി ബാര്‍ക്ക് വ്യക്തമാക്കി. കണക്കെടുപ്പിലെ സ്വീകാര്യത മെച്ചപ്പെടുത്താനും മീറ്ററുകളില്‍ തട്ടിപ്പു നടത്താനുള്ള സാധ്യത ഇല്ലാതാക്കാനുമാണിതെന്നും ഏജന്‍സി പറയുന്നു. ഈ പുനപ്പരിശോധനയ്ക്ക് എട്ടു മുതല്‍ 12 ദിവസം വരെ എടുക്കുമെന്നും ബാര്‍ക്ക് അറിയിച്ചു. 

റേറ്റിങ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് രണ്ടു ചാനല്‍ മേധാവിമാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അതിനിടെ മുംബൈ പോലീസ് ഉന്നയിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന റിപബ്ലിക് ടിവിയുടെ ആവശ്യം ഇന്ന് സുപ്രീം കോടതി തള്ളി. എല്ലാ പൗരന്മാരേയും പോലെ മുംബൈ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീം കോടതിയുടെ മറുപടി.
 

Latest News