ശ്രീനഗര്‍- ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പോരാട്ടത്തിന് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഉള്‍പ്പെടുന്ന പുതിയ സഖ്യത്തിന് രൂപം നല്‍കി. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ നടന്ന വിവിധ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. ഈ പോരാട്ടത്തിനായി രാഷ്ട്രീയ എതിരാളികളായ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായും മറ്റു പാര്‍ട്ടികളുമായും കൈകോര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് രൂപീകരിക്കപ്പെട്ട സഖ്യം പീപ്പ്ള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ എന്ന പേരില്‍ അറിയപ്പെടും. 2019 ഓഗസ്റ്റ് ഒമ്പതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങളില്‍ നിന്നും പിടിച്ചെടുത്ത അവകാശങ്ങള്‍ തിരിച്ചു നല്‍കണമെന്നാണ് സഖ്യത്തിന്റെ ആവശ്യമെന്ന് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ മകന്‍ ഫാറൂഖ് അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരടക്കം വിവിധ നേതാക്കള്‍ പങ്കെടുത്തു.