പട്‌ന- ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് അച്ഛൻ രാം വിലാസ് പാസ്വാനായിരുന്നെന്ന് ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ. 'അച്ഛനെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഈ സമയത്ത് അച്ഛൻ കൂടി ഇല്ലാതാകുമെന്ന് കരുതിയിരുന്നില്ല. അച്ഛനായിരുന്നു എന്റെ എല്ലാ ശക്തിയും. അദ്ദേഹം കൂടെയുണ്ടായിരുന്നപ്പോൾ എനിക്ക് എല്ലാം സാധിക്കുമായിരുന്നു. ഇപ്പോഴും ഞാനതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും രാം വിലാസ് പാസ്വാന്റെ മരണത്തിന് ശേഷം നൽകിയ ആദ്യഅഭിമുഖത്തിൽ ചിരാഗ് പറഞ്ഞു.
അച്ഛനാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. നീ ചെറുപ്പമാണ് എന്ത് കൊണ്ട് ഉചിതമായ ഒരു തീരുമാനം എടുത്തുകൂടാ എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. നീ കാരണമാണ് ഇപ്പോഴത്തെ ബീഹാർ മുഖ്യമന്ത്രി നീതീഷ് കുമാർ ആ സ്ഥാനത്ത് തുടരുന്നതെന്ന് അച്ഛൻ പറയുമായിരുന്നു. ഒരു പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞാൽ നീ ഇതിൽ ദുഃഖിക്കും. ഇതിനെല്ലാം സംസ്ഥാനവും അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം നിരന്തരം ഉപദേശിച്ചെന്നും ചിരാഗ് പാസ്വാൻ പറഞ്ഞു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കണമെന്ന പദ്ധതി അച്ഛന് ഉണ്ടായിരുന്നു എന്നത് ബി.ജെ.പിയുടെ മുതിർന്ന ദേശീയ നേതാക്കൾക്ക് അറിയാമായിരുന്നു. അമിത് ഇക്കാര്യത്തിൽ ഒന്നും പറഞ്ഞില്ലെന്നും ചിരാഗ് പാസ്വാൻ അഭിമുഖത്തിൽ വ്യക്തമാക്കി. ജെ.ഡി.യു നേതാവ് നിതീഷ് കുമാറുമായുളള തർക്കങ്ങൾക്കൊടുവിലാണ് എൻ.ഡി.എ സഖ്യം ഉപേക്ഷിക്കാനുള്ള തീരുമാനം ചിരാഗ് പാസ്വാൻ എടുത്തത്. .