ഗുവാഹത്തി- അസമിലെ അന്തിമ ദേശീയ പൗരത്വ രജിസ്റ്ററില്‍ (എന്‍ആര്‍സി) നിന്ന് പതിനായിരത്തോളം പേരെ നീക്കം ചെയ്യാന്‍ സംസ്ഥാനത്തെ എന്‍ആര്‍സി മേധാവി ജില്ലാ അധികാരികളോട് ഉത്തരവിട്ടു. അന്തിമ രജിസ്റ്ററില്‍ 'അയോഗ്യരാണെന്ന്' കണ്ടെത്തിയവരേയും അവരുടെ പിന്‍തലമുറയ്ക്കാരേയും പൗരത്വ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് 33 ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോടും ജില്ലാ പൗരത്വ രജിസ്‌ട്രേഷന്‍ രജിസ്ട്രാര്‍മാരോടും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഖ്യാപിത വിദേശികള്‍, സംശയകരമായ വോട്ടര്‍മാര്‍, ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ കേസ് കെട്ടിക്കിടക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ ചില പേരുകള്‍ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അന്തിമ പട്ടിക പ്രസിദ്ധീകരിക്കും മുമ്പ് ഇത്തരം ആളുകളുടെ പേരുകള്‍ പ്രാദേശിക പൗരത്വ രജിസ്ട്രാര്‍മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും വീണ്ടും പരിശോധിക്കാമെന്ന് ചട്ടങ്ങള്‍ ഉദ്ധരിച്ച് ഉത്തരവില്‍ അസം എന്‍ആര്‍സി മേധാവി ഹിതേഷ് ദേവ് ശര്‍മ പറയുന്നു.
എന്‍ആര്‍സി ചട്ടങ്ങള്‍ അനുസരിച്ച് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും മുമ്പാണ് തെറ്റായി ഉള്‍പ്പെട്ട പേരുകള്‍ വെട്ടാനും പരിശോധിക്കാനും അധികാരികള്‍ക്ക് കഴിയുക. 3.3 കോടി ആളുകള്‍ ഉള്‍പ്പെടുന്ന ഈ അന്തിമ പട്ടിക 2019 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച കഴിഞ്ഞ ഓണ്‍ലൈന്‍ പട്ടികയും പ്രസിദ്ധീകരിച്ചു. എന്നാല്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും ഈ വര്‍ഷം ഫെബ്രുവരില്‍ അധികൃതര്‍ പട്ടികയില്‍ ഉള്‍പ്പെട്ട അയോഗ്യരായ ആളുകളെ കണ്ടെത്താനെന്ന പേരില്‍ വീണ്ടും പരിശോധനാ നടപടികള്‍ തുടരുകയായിരുന്നു.
ജൂലൈയില്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40 ലക്ഷം പേരാണ് പുറത്തായത്. തൊട്ടടുത്ത മാസം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷം പേരാണ് പുറത്തായത്. എന്നാല്‍ അന്തിമ പട്ടികയില്‍ നിരവധി യഥാര്‍ത്ഥ പൗരന്മാര്‍ പുറത്തായി എന്നാരോപിച്ച് ബിജെപി നേതാക്കള്‍ക്ക് പ്രതിഷേധവുമായി രംഗത്തെത്തി. 1971നു മുമ്പ് ഇന്ത്യയിലെത്തിയ ബംഗ്ലദേശില്‍ നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ത്ഥികളും പുറത്തായതായി ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
പൗരത്വ പട്ടികയില്‍ മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് ഇടം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബംഗ്ലദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‌ലിംകള്‍ അല്ലാത്ത അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമം (സിഎഎ) ഭേദഗതി ചെയ്ത്.