കിക്കര്‍ -കോവിഡിനെ മറയാക്കി സര്‍ക്കാരുകള്‍ സ്വാതന്ത്ര്യം കവരുന്നു
വാഷിംഗ്ടണ്‍- ഇന്റര്‍നെറ്റില്‍ ജനങ്ങളുടെ സ്വാതന്ത്ര്യം തടയാന്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ കോവിഡ് മഹാമാരിയെ മറയാക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഇന്റര്‍നെറ്റ് വിഛേദിച്ച് ജനങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. മ്യാന്മര്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് തന്നെ വിഛേദിച്ച് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് തടയിട്ട മറ്റു രണ്ട് രാജ്യങ്ങള്‍.
തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ കെട്ടിപ്പിടിച്ചു; യുവതിയും മുന്‍കാമുകനും മരിച്ചു
ജനങ്ങള്‍ക്കുമേലുള്ള നിരീക്ഷണം വ്യാപിപ്പിക്കാനും ഓണ്‍ലൈനിലെ വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്താനുമാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഫ്രീഡം ഹൗസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം തുടര്‍ച്ചയായി പത്താം വര്‍ഷവും താഴോട്ടാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതിന് നിരവധി പുതിയ ടെക്‌നോളജികള്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്കുമേല്‍ നിരീക്ഷണത്തിനുള്ള അധികാരത്തിന് കോവിഡിനെയാണ് ന്യായീകരണമായി പറയുന്നത്. സാമൂഹിക നിയന്ത്രണത്തിനും എതിര്‍ശബ്ദങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതിനുമാണ് സെന്‍സര്‍ഷിപ്പ് വിപുലമാക്കി കൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരി ജനങ്ങളെ കുടൂതലായി ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുമ്പോള്‍ സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നാള്‍ക്കുനാള്‍ കുറച്ചുകൊണ്ടിരിക്കയാണെന്ന് സന്നദ്ധ സംഘടനയായ ഫ്രീഡം ഹൗസിന്റെ പ്രസിഡന്റ് അബ്രമോവിറ്റ്‌സ് പറയുന്നു. സ്വകാര്യതയും നിയമപാലനവും ഉറപ്പുവരുത്താന്‍ സംവിധാനങ്ങളില്ലെങ്കില്‍ സാങ്കേതിക വിദ്യകളെ രാഷ്ട്രീയ അടിച്ചമര്‍ത്തലിന് കൂടുതലായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
100 പോയിന്റ് നല്‍കി ഫ്രീഡം ഹൗസ് നടത്തിയ പഠനത്തില്‍ 65 രാജ്യങ്ങളില്‍ തുടര്‍ച്ചയായി പത്താം വര്‍ഷവും ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തില്‍ കുറവാണ് കാണിക്കുന്നത്. ഇന്റര്‍നെറ്റ് ആക്‌സസും നിയന്ത്രണങ്ങളും അടക്കം 21 സൂചകങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം.
ഇന്റര്‍നെറ്റ് ഫ്രീഡം തടയുന്നതില്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും ചൈനയാണ് ഒന്നാം സ്ഥാനത്ത്. നിയമവും ഉയര്‍ന്ന സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കോവിഡ് തടയുന്നതിനോടൊപ്പം ജനങ്ങളെ സ്വതന്ത്ര സ്രോതസ്സുകളില്‍നിന്ന് നേടിയ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍നിന്നും തടഞ്ഞുവെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ചൈനീസ് മാതൃകയിലുള്ള ഡിജിറ്റല്‍ ഏകാധിപത്യം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കയാണ്. ഓരോ സര്‍ക്കാരും ഇന്റര്‍നെറ്റിനുമേല്‍ തങ്ങളുടേതായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്.
380 കോടി ജനങ്ങളാണ് ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നും 20 ശതമാനം മാത്രമാണ് സ്വതന്ത്ര ഇന്റര്‍നെറ്റുള്ള രാജ്യങ്ങളില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 32 ശതമാനം ഭാഗിക സ്വാതന്ത്ര്യമുള്ള രാജ്യങ്ങളില്‍ കഴിയുമ്പോള്‍ 35 ശതമാനം ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമല്ലാത്ത രാജ്യങ്ങളിലാണ് ജീവിക്കുന്നത്. ബാക്കിയുള്ളവര്‍ റിപ്പോര്‍ട്ടില്‍ വിലയിരുത്തിയ 65 രാജ്യങ്ങള്‍ക്ക് പുറത്ത് കഴിയുന്നവരാണ്.
ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അമേരിക്ക ഉള്‍പ്പെടുന്നുണ്ടെങ്കിലും അതു കുറഞ്ഞുവരികയാണെന്ന് പ്രതിഷേധ പ്രകടനങ്ങള്‍ തടഞ്ഞതും സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിന് പ്രഖ്യാപിച്ച എക്‌സിക്യുട്ടീവ് ഉത്തരവുകളും ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തെറ്റിദ്ധാരണകള്‍ പരത്തുന്ന പ്രസിഡന്റ് ട്രംപിന്റെ നടപടികളും ചൈനീസ് ആപ്പുകളായ വീ ചാറ്റും ടിക് ടോക്കും നിരോധിക്കാനുള്ള നീക്കവും ഫ്രീഡം ഹൗസ് എടുത്തു പറയുന്നു. ന്യായീകരണമായി പറയുന്ന ഭീഷണികളേക്കാള്‍ വലിയ തോതിലുള്ള സ്വേഛാധിപത്യ പ്രവണതയായാണ് ആപ്പ് നിരോധമെന്ന് റിപ്പോര്‍ട്ട് വിശേഷിപ്പിക്കുന്നു.