വിജയവാഡ- ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച മുൻ കാമുകനും യുവതിയും മരിച്ചു. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ മുന്‍കാമുകനെ യുവതി കെട്ടിപ്പിടിക്കുകയായിരുന്നു. യുവതി സംഭവസ്ഥത്തുവെച്ചും യുവാവ് ആശുപത്രിയിലുമാണ് മരിച്ചത്.
കോവിഡ് സെന്ററിലെ നഴ്സായ 24 വയസ്സായ ചിന്നാരിയെയാണ് മുൻ കാമുകൻ നാഗഭൂഷണം (25) കൊല്ലാൻ ശ്രമിച്ചത്. യുവതി ആശുപത്രിയില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. ഇരുവരും തമ്മിൽ റോഡിൽ വച്ച് വാക്കേറ്റം ഉണ്ടായി. തുടർന്ന് കയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ യുവാവ് യുവതിയുടെ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടർന്നതോടെ യുവതി യുവാവിനെ ചേർത്തുപിടിച്ചു. ഇതോടെ യുവാവിന്റെ ദേഹത്തും തീപടർന്നു.
യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 80 ശതമാനം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടുകാർ എതിർത്തതോടെയാണ് യുവതി പ്രണയത്തിൽ നിന്നും പിൻമാറിയത്. യുവാവ് പിന്നീടും ശല്യം തുടർന്നപ്പോൾ കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു.
പോലീസ് യുവാവിനെ വിളിച്ച് താക്കീത് ചെയ്തതിനെ തുടർന്നുള്ള പകയാണ് ആക്രമണത്തിലേക്കു നയിച്ചതെന്ന് റിപ്പോർട്ടുകളില്‍ പറയുന്നു.