വാഷിങ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊനള്‍ഡ് ട്രംപിന്റെ എതിരാളി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനെ ഭൂരിപക്ഷം ഇന്ത്യന്‍ അമേരിക്കക്കാരും പിന്തുണയ്ക്കുന്നതായി സര്‍വെ. ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ് സര്‍വെ പ്രകാരം 22 ശതമാനം ഇന്ത്യന്‍ വംശജര്‍ മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്. സെപ്റ്റംബറിലെ അവസാന 20 ദിവസങ്ങളിലായി 936 ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വെ ഫലമാണിത്. മുന്‍കാലങ്ങളിലെ പോലെ ഇന്ത്യന്‍ സമൂഹം ഡെമോക്രാറ്റുകള്‍ക്കൊപ്പം തന്നെ ശക്തമായി നിലകൊള്ളുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 56 ശതമനം പേരും തങ്ങള്‍ ഡെമോക്രാറ്റുകളാണെന്ന് വ്യക്തമാക്കുകയും ചെയ്തു. 15 ശതമാനം മാത്രമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിക്കാരായി സ്വയം വിശേഷിപ്പിച്ചത്.
വോട്ടെടുപ്പില്‍ ഇന്ത്യ-യുഎസ് ബന്ധം ഒരു വലിയ ഘടകമായി ഇന്ത്യന്‍ അമേരിക്കക്കാര്‍ പരിഗണിക്കുന്നില്ല. ഇത് ട്രംപിനെതിരാകുന്ന ഒരു ഘടകമാണ്. ഇന്ത്യന്‍ വംശജരുടെ പിന്തുണ ആര്‍ജിക്കാനായി പ്രധാനമന്ത്രി മോഡിയുമായുള്ള തന്റെ അടുത്ത ബന്ധവും ഇന്ത്യയില്‍ നിന്നുള്ള പിന്തുണയും ട്രംപ് എടുത്തു പറയാറുണ്ട്. എന്നാല്‍ ഇന്ത്യ-യുഎസ് ബന്ധം കൈകാര്യം ചെയ്യുന്നതില്‍ മെച്ചപ്പെട്ട പ്രകടനം ഡെമോക്രാറ്റുകളുടേതാണെന്നും ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം കരുതുന്നതായി സര്‍വെ പറയുന്നു.