കൊച്ചി- യുട്യുബർ വിജയ് പി. നായരെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കം മൂന്നു പേരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിശദീകരണം നൽകണം. തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് ഭാഗ്യലക്ഷമിയും ദിയ സനയും ശ്രീലക്ഷമി അറയ്ക്കലും ഹൈക്കോടതിയെ സമീപിച്ചത്. കയ്യേറ്റം, ഭീഷണി, മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
എന്നാൽ മോഷണക്കുറ്റം നിലനിൽക്കില്ലന്നും മോഷണം നടത്തണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്നും ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങൾ പോലീസിനെ ഏൽപ്പിച്ചുവെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിജയ് പി. നായർക്കെതിരെ ഭാഗ്യലക്ഷ്മി നേരത്തെ പോലീസിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് 23 ന് പരിഗണിക്കും. പരാതി നൽകയിട്ടും നടപടി ഉണ്ടാവാതിനെ തുടർന്നാണ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ സ്ത്രീകൾ വിജയ് പി.നായരെ താമസസ്ഥലത്ത് എത്തി മർദിച്ചത്. സംസ്‌ക്കാരമില്ലാത്ത പ്രവർത്തിയാണ് സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും നിയമം കയ്യിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നും സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പറഞ്ഞിരുന്നു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന് എതിർത്തിരുന്നു.