മൊഴിമാറ്റിയതിന് നിയമവിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. ഇക്കാര്യം അംഗീകരിച്ച കോടതി പുതിയ അപേക്ഷയുടെ പകര്‍പ്പ് പെണ്‍കുട്ടിക്കും പ്രതിക്കും നല്‍കാന്‍ ഉത്തരവായി.
ലഖ്‌നൗ- ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച പെണ്‍കുട്ടി കോടതിയില്‍ മൊഴിമാറ്റി. ചിന്മയാനന്ദ് ലൈംഗികമായി ചൂഷണം ചെയതുവെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നാണ് നിയമവിദ്യാര്‍ഥിനിയുടെ പുതിയ മൊഴി. പോലീസിനു നല്‍കിയ മൊഴി മാറ്റിയതിനും കള്ളസാക്ഷ്യത്തിനും പെണ്‍കുട്ടി നിയമനടപടി നേരിടേണ്ടിവരുമെന്നാണ് സൂചന.
ചൊവ്വാഴ്ച കേസ് പരിഗണിച്ചവേളയില്‍ ലഖ്‌നൗവിലെ പ്രത്യേക കോടതിക്ക് മുമ്പാകെയാണ് 24 കാരിയായ നിയമവിദ്യാര്‍ഥി പീഡനത്തിന് ഇരയായെന്ന മൊഴി നിഷേധിച്ചത്. അക്രമികളുടെ സമ്മര്‍ദ്ദത്തിലാണ് ചിന്‍മയാനന്ദിനെതിരേ പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.
അഡീഷണല്‍ ജില്ലാ ജഡ്ജി പവന്‍ കുമാര്‍ റായി മുമ്പാകെയാണ് നേരത്തെ പോലീസിനോട് പറഞ്ഞതെല്ലാം നിരാകരിച്ച് പെണ്‍കുട്ടി പുതിയ മൊഴി നല്‍കിയത്.
മൊഴിമാറ്റിയതിന് നിയമവിദ്യാര്‍ഥി കൂടിയായ പെണ്‍കുട്ടിക്കെതിരേ കേസെടുക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി തേടി. ഇക്കാര്യം അംഗീകരിച്ച കോടതി പുതിയ അപേക്ഷയുടെ പകര്‍പ്പ് പെണ്‍കുട്ടിക്കും പ്രതിക്കും നല്‍കാന്‍ ഉത്തരവായി. പെണ്‍കുട്ടിക്കെതിരെ നടപടി വേണമെന്ന അപേക്ഷയില്‍ കോടിതി നാളെ വാദം കേള്‍ക്കും.
ചിന്‍മയാനന്ദ് ട്രസ്റ്റിന് കീഴില്‍ ഷാജഹാന്‍പുരിലുള്ള ലോ കോളേജിലെ വിദ്യാര്‍ഥിയായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷമാണ് സ്വാമി ചിന്‍മയാനന്ദ ഒരുവര്‍ഷത്തോളം പീഡിപ്പിച്ചതായി ആരോപിച്ച് പരാതി നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 2019 സെപ്റ്റംബറില്‍ ചിന്‍മയാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു. അലഹബാദ് ഹൈക്കോടതി ഈ വര്‍ഷം ഫെബ്രുവരിയിലാണ് ജാമ്യം അനുവദിച്ചത്.