Sorry, you need to enable JavaScript to visit this website.

റേറ്റിംഗ് തട്ടിപ്പ്; റിപ്പബ്ലിക് ടി.വി എഡിറ്ററേയും റിപ്പോര്‍ട്ടറേയും പോലീസ് വിളിപ്പിച്ചു

മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) ഓഫീസ് സന്ദര്‍ശിച്ച് സാങ്കേതിക ഉദ്യോഗസ്ഥരടക്കമുള്ളവരെ  ചോദ്യം ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മുംബൈ- വ്യാജ ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടി.ആര്‍.പി) റാക്കറ്റുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടി.വി എക്‌സിക്യൂട്ടീവ് എഡിറ്റര്‍ക്കും ചാനലില്‍ പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റുകളില്‍ ഒരാള്‍ക്കും മുംബൈ പോലീസ് സമന്‍സ് അയച്ചു.

വാര്‍ത്താ വിഭാഗം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ നിരഞ്ജന്‍ നാരായണസ്വാമി,  ജേണലിസ്റ്റ് അഭിഷേക് കപൂര്‍ എന്നിവര്‍ക്കാണ്  ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹാജരാകാന്‍ െ്രെകം ഇന്റലിജന്‍സ് യൂണിറ്റ് (സിഐയു) സമന്‍സ് അയച്ചത്.

ഒക്ടോബര്‍ 10 ന് റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പിന്റെ  റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആരായുന്നതിനാണ് ഇവരെ വിളിപ്പിച്ചിരിക്കുന്നത്.

ഈ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യാനിടയായ സാഹചര്യങ്ങള്‍ക്ക് ഇവര്‍ക്ക് അറിയാമെന്നും അതുകൊണ്ടുതന്നെ  വസ്തുതകളും സാഹചര്യങ്ങളും അന്വേഷിക്കേണ്ടതുണ്ടെന്നും സമന്‍സില്‍ പറയുന്നു.
ഹന്‍സ ഏജന്‍സിയുമായി ബന്ധപ്പെട്ട പ്രവീണ്‍ നിസാര്‍, നിതിന്‍ ദിയോകര്‍ എന്നിവരുടെ മൊഴി   സിഐയു ചൊവ്വാഴ്ച രേഖപ്പെടുത്തിയിരുന്നു.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) ഓഫീസ് സന്ദര്‍ശിച്ച് സാങ്കേതിക ഉദ്യോഗസ്ഥരടക്കമുള്ളവരെ  ചോദ്യം ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേസില്‍ സി.ഐ.യു അറസ്റ്റുചെയ്ത വിനയ് ത്രിപാഠിയെ ട്രാന്‍സിറ്റ് റിമാന്‍ഡില്‍ നഗരത്തിലെത്തിച്ചിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ മറ്റ് നാല് പ്രതികളെ ഒക്ടോബര്‍ 16 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കയാണ്.

ചില ടെലിവിഷന്‍ ചാനലുകള്‍ ടിആര്‍പി നമ്പറുകളില്‍ കൃത്രിമം കാണിക്കുന്നതായി  ആരോപിച്ച് റേറ്റിംഗ് ഏജന്‍സിയായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍  ഹന്‍സ റിസര്‍ച്ച് ഗ്രൂപ്പ് വഴി പരാതി നല്‍കിയതിനെ തുടര്‍ന്നാണ്  ടിആര്‍പി അഴിമതി പുറത്തുവന്നത്.
മീറ്റര്‍ സ്ഥാപിക്കുന്ന വീടുകളുമായി  ഇടപഴകുന്ന ബാര്‍ക്കിന്റെ ഏജന്‍സികളിലൊന്നാണ് ഹന്‍സ.

റിപ്പബ്ലിക് ടിവിയും മറാത്തി ചാനലുകളായ ബോക്‌സ് സിനിമയും ഫക്ത് മറാത്തിയും ടിആര്‍പിയില്‍ കൃത്രിമം കാണിച്ചുവെന്ന്   മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ പരംബിര്‍ സിങ്ങിന്റെ പ്രസ്താവനയെ തള്ളിയ റിപ്പബ്ലിക് ടിവി സുപ്രീം കോടതിയെ സമീപിച്ചിരിക്കയാണ്.

 

Latest News