ബലാത്സംഗത്തിനു ശേഷം കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് പ്രതികള്‍ മകളെ ഉപേക്ഷിച്ചതെന്നും അവളെ വീട്ടിലെത്തിച്ച പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെണ്‍കുട്ടി ജീവനൊടുക്കി. ചിത്രകൂട് ജില്ലയിലാണ് 15 കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മണിക്പുര പ്രദേശത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്ന് ചിത്രകൂട് പോലീസ് സൂപ്രണ്ട് അങ്കിത് മിത്തല്‍ പറഞ്ഞു.
ഒക്ടോബര്‍ എട്ടിന് വനപ്രദേശത്തുവെച്ചാണ് മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ഗ്രാമ മുഖ്യന്റെ മകന്‍ കിഷന്‍ ഉപാധ്യായ, ആശിഷ്, സതീഷ് എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
പോലീസ് പരാതി സ്വീകരിക്കാത്തതാണ് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ ഇങ്ങനെയൊരു പരാതി ആരും നല്‍കിയിരുന്നില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.
ബലാത്സംഗത്തിനു ശേഷം കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് പ്രതികള്‍ മകളെ ഉപേക്ഷിച്ചതെന്നും അവളെ വീട്ടിലെത്തിച്ച പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.