ഹൈദരാബാദ്- തെലങ്കാനയിലെ നിസാമാബാദില്‍ മാനസിക രോഗിയായ പെണ്‍കുട്ടിയെ ചികിത്സയുടെ മറവില്‍ മാനഭംഗപ്പെടുത്തിയ വ്യാജ സിദ്ധനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചു. 15കാരിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് ചികിത്സയ്ക്കായി ഇയാളെ സമീപിച്ചത്. ചികിത്സ നടത്തി വരുന്നതിനിടെ മൂന്ന് മാസത്തോളം പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. വയറില്‍ കടുത്ത വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് തെളിയുകയായിരുന്നു. ഇതോടെയാണ് സിദ്ധനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത്. മരുന്ന് നല്‍കി മയക്കി കിടത്തിയാണ് സിദ്ധന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്.
സംഭവം പുറത്തറിഞ്ഞതോടെ വനിതാവകാശ പ്രവര്‍ത്തകരുള്‍പ്പെടെയുള്ള സംഘം സിദ്ധന്റെ വീട്ടിലെത്തി പെരുമാറി. അടികിട്ടിയ സിദ്ധന്‍ ഇറങ്ങി ഓടിയതോടെ നാട്ടുകാര്‍ പിടികൂടി കൂട്ടമര്‍ദനം നടത്തുകയായിരുന്നു. വടിയും ചൂലും കയ്യും ഉപയോഗിച്ചായിരുന്നു അടി. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.