Sorry, you need to enable JavaScript to visit this website.

സാഹസം കാണിക്കൽ ഗതാഗത നിയമ ലംഘനം

റിയാദ് - മലവെള്ളപ്പാച്ചിലിനിടെ അപകട സാധ്യതക്ക് ഇടയാക്കും വിധം സാഹസികമായി താഴ്‌വരകൾ മുറിച്ചുകടക്കുന്നത് ഗതാഗത നിയമ ലംഘനമായി കണക്കാക്കി നിയമ ലംഘകർക്ക് പിഴ ചുമത്താൻ ശൂറാ കൗൺസിൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമ ലംഘനം ഉൾപ്പെടുത്തി ഗതാഗത നിയമത്തിൽ ശൂറാ കൗൺസിൽ ഭേദഗതി വരുത്തി. സ്പീക്കർ ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് രീതിയിൽ ഇന്നലെ ചേർന്ന ശൂറാ കൗൺസിൽ യോഗമാണ് മലവെള്ളപ്പാച്ചിലുകൾക്കിടെ സാഹസികമായി താഴ്‌വരകൾ മുറിച്ചുകടക്കുന്നവർക്ക് പിഴ ചുമത്തുന്ന നിലക്ക് പുതിയ നിയമ ലംഘനം ഗതാഗത നിയമത്തിൽ ഉൾപ്പെടുത്തിയത്.


അതേസമയം, കൊറോണ പ്രതിസന്ധി പ്രതികൂലമായി ബാധിച്ച കാര്യം കണക്കിലെടുത്ത് കാർഷിക തൊഴിലാളികൾക്കുള്ള ലെവി കുറച്ച് കർഷകരുടെ മേലുള്ള സാമ്പത്തിക ഭാരം ലഘൂകരിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടപടികൾ സ്വീകരിക്കണമെന്ന്് കൗൺസിൽ അംഗം ഡോ. ഫൗസിയ അബൽഖൈൽ ആവശ്യപ്പെട്ടു. തീർഥാടകരും യാത്രക്കാരും ഈത്തപ്പഴം വാങ്ങി സ്വദേശങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. എന്നാൽ ഇത്തവണ കൊറോണ വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി മൂലം ഈത്തപ്പഴ വിപണിയിൽ ഇത്തരം കച്ചവടങ്ങളെല്ലാം അപ്രത്യക്ഷമായി. കർഷകർക്ക് സഹായകമെന്നോണം വേൾഡ് ഫുഡ് പ്രോഗ്രാമിലേക്ക് ഈത്തപ്പഴം സംഭാവന ചെയ്യുന്നത് സൗദി അറേബ്യ വർധിപ്പിക്കണമെന്നും ഡോ. ഫൗസിയ അബൽഖൈൽ ആവശ്യപ്പെട്ടു. 
രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം വിലക്കി പരിസ്ഥിതി മലിനീകരണം കുറക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം നടപടി സ്വീകരിക്കണമെന്ന് മറ്റൊരു അംഗമായ കൗഥർ അൽഅർബശ് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് ഉപയോഗം വിലക്കുന്ന തീരുമാനം മന്ത്രാലയം പ്രഖ്യാപിക്കണമെന്നും പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് ബദൽ എന്നോണം ഈത്തപ്പന ഉൽപന്നങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കൗഥർ അൽഅർബശ് ആവശ്യപ്പെട്ടു. 

Latest News