Sorry, you need to enable JavaScript to visit this website.

പ്രസവിച്ച് 14ാം ദിവസം കൈക്കുഞ്ഞുമായി ഐഎഎസ് ഓഫീസര്‍ കോവിഡ് ഡ്യൂട്ടിയില്‍ തിരിച്ചെത്തി

ഗാസിയാബാദ്- പ്രസവത്തിനായി അവധിയെടുത്തു പോയ ഐഎഎസ് ഓഫീസര്‍ 14ാം ദിവസം കൈക്കുഞ്ഞുമായി ഓഫീസില്‍  തിരിച്ചെത്തി തിരക്കിട്ട ജോലികളില്‍ പ്രവേശിച്ച് കയ്യടി നേടി. ഉത്തര്‍ പ്രേദശിലെ ഗാസിയാബാദ് ജില്ലയിലെ മോഡിനഗര്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സൗമ്യ പാണ്ഡെയാണ് തനിക്കു ലഭിക്കുമായിരുന്ന ആറു മാസ പ്രസവാവധി പോലും വേണ്ടെന്നുവച്ച് രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞുമായി ജോലിയില്‍ തിരിച്ചെത്തിയത്. കുഞ്ഞിനെ മടിയിലിരുത്തി ഇവര്‍ ജോലിയില്‍ മുഴുകുന്ന ദൃശ്യങ്ങള്‍ വൈറലായി. ജൂലൈ മുതല്‍ ഗാസിയാബാദ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള നോഡല്‍ ഓഫീസറാണ് സൗമ്യ. കോവിഡ് കാരണം എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും ഇതെല്ലാം കൈകാര്യം ചെയ്യാനുള്ള ശക്തി വനിതകള്‍ക്ക് ദൈവം നല്‍കിയിട്ടുണ്ടെന്നും സൗമ്യ പറയുന്നു.

 'കുട്ടിക്കു ജന്മം നല്‍കാനും കുട്ടിയെ സംരക്ഷിക്കാനുമുള്ള ശക്തി സ്ത്രീകള്‍ക്ക് ദൈവം നല്‍കിയിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയില്‍ ഗര്‍ഭകാലത്തിന്റെ അവസാനം വരെ സ്ത്രീകള്‍ വീട്ടു ജോലികളും മറ്റു അവരുടെ സ്വന്തം ജോലികളും ചെയ്യുന്നത് തുടരും. പ്രസവിച്ച ശേഷവും അവര്‍ കുഞ്ഞിനെ സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ജോലിയും വീട്ടുജോലികളും കൈകാര്യം ചെയ്യാന്‍ അവര്‍ക്കു കഴിയും. ഇതുപോലെ എനിക്കും കുഞ്ഞിനെ നോക്കുന്നതോടൊപ്പം ജോലിയില്‍ മുഴുകാന്‍ കഴിയുന്നത് ഒരു ദൈവാനുഗ്രഹമാണ്'- സൗമ്യ പറയുന്നു.
 

Latest News