ന്യൂദല്‍ഹി- മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നുള്ള റേഡിയേഷന്‍ കുറക്കാന്‍ സഹായിക്കുന്ന പ്രത്യേക ചിപ്പ് കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിനു കീഴിലുള്ള രാഷ്ട്രീയ കാമധേനു ആയോഗ് അവതരിപ്പിച്ചു. ഗൗസത്വ കവച് എന്ന പേരിലുള്ള ഈ ചിപ് പശുവിന്റെ ചാണകം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് മൊബൈല്‍ റേഡിയേഷന്‍ ഗണ്യമായി കുറക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭ്ഭായ് കഥിരിയ അവകാശപ്പെട്ടു. പശുവിന്‍ ചാണക ഉല്‍പ്പന്നങ്ങല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാമധേനു ദീപാവലി അഭിയാന്‍ പ്രചരണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇത് മൊബൈലില്‍ സൂക്ഷിക്കാവുന്ന ഒരു റേഡിയേഷന്‍ ചിപ് ആണ്. ഇത് റേഡിയേഷന്‍ ഗണ്യമായി കുറക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. നിങ്ങള്‍ക്ക് രോഗങ്ങളെ മാറ്റിനിര്‍ത്തണമെങ്കില്‍ ഈ ചിപ്പ് ഉപയോഗിക്കാം,' അദ്ദേഹം പറഞ്ഞു. പശുവിന്‍ ചാണകം റേഡിയേഷന്‍ പ്രതിരോധകമാണ്. ഈ ചിപ്പ് വീട്ടില്‍ സൂക്ഷിച്ചാല്‍ അവിടെയും റേഡിയേഷന്‍ മുക്തമാകുമെന്നും ഇതെല്ലാം ശാസ്ത്രം അംഗീകരിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രാജ്‌കോട്ടിലെ ശ്രിജീ ഗോശാലയാണ് ഈ ചിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.
പശു സംരക്ഷണത്തിനായി മൃഗസംരക്ഷണ മന്ത്രാലയത്തിനു കീഴില്‍ 2019 ഫെബ്രുവരി ആറിനാണ് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ കാമധേനു അഭിയാന്‍ സ്ഥാപിച്ചത്. 2019-20ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പദ്ധതിയാണിത്.