സിയോള്‍- ശനിയാഴ്ച നടന്ന സൈനിക പരേഡില്‍ നടത്തിയ പ്രസംഗത്തിനിടെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ കണ്ണീരണിഞ്ഞ് വികാരാധീനനാകുന്ന ചിത്രങ്ങളും വിഡിയോയും സര്‍ക്കാര്‍ പുറത്തു വിട്ടു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ 75ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരേഡില്‍ നടത്തിയ പ്രസംഗത്തില്‍ ഉന്‍ സൈനികര്‍ക്കും നന്ദി അറിയിക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതില്‍ പരാജയം സമ്മതിച്ച് ക്ഷമാപണം നടത്തുകയും ചെയ്തതായും സര്‍ക്കാര്‍ ടിവി റിപോര്‍ട്ട് ചെയ്യുന്നു. രാജ്യത്തുണ്ടായ കൊടുങ്കാറ്റില്‍ നിന്നും കോവിഡ് മഹാമാരിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ സൈന്യം നടത്തുന്ന ത്യാഗങ്ങള്‍ക്ക് നന്ദി പറയുന്നതിനിടെയാണ് കിമ്മിന്റെ കണ്ണുകള്‍ നിറഞ്ഞത്. പരേഡില്‍ ആയിരങ്ങള്‍ അണിനിരന്നു.