ഹൈദരാബാദ്- ജഡ്ജിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും അധിക്ഷേപവും തെറിവിളിയും നടത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് ആന്ധ്രാ ഹൈക്കോടതി ഉത്തരവിട്ടു. കോടതിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന പോലീസിന്റെ സിഐഡി പരാജയപ്പെട്ടതിനാല്‍ നിഷ്പക്ഷ അന്വേഷണത്തിനായി സിബിഐയെ ചുമതലപ്പെടുത്തുന്നതായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
അന്വേഷണം ഏറ്റെടുത്ത് പ്രതികള്‍ക്കെതിരെ ഉടന്‍ നടപടി ആരംഭിക്കണമെന്നും എട്ടാഴ്ച്ചയ്ക്കകം അന്വേഷണം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. കേസില്‍ സിബിഐക്കു വേണ്ട എല്ലാ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ബെഞ്ച് ഉത്തരവിട്ടു.
ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തി പോസ്റ്റിട്ട് ഏതാനും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ക്കെതിരെ മാത്രമണ് സിഐഡി കേസെടുത്തിരുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ വിധി പറയുന്നതിനാല്‍ ജഡ്ജിമാരെ വിമര്‍ശിച്ച് 90ലേറെ പേര്‍ പോസ്റ്റിട്ടതായി കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്ന് ഈ കമന്റുകള്‍ നീക്കം ചെയ്യാനും സിഐഡിക്കു കഴിഞ്ഞിരുന്നില്ല. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് നോതാക്കള്‍ക്കെതിരെയും പോലീസ് നടപടിയെടുത്തിരുന്നില്ലെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ലക്ഷമി നാരായണ പറയുന്നു.
നിയമസഭാ സ്പീക്കര്‍ തമ്മിനേനി സിതാറാം, ഉപമുഖ്യമന്ത്രി നാരായണ സ്വാമി, എംപിമാരായ വിജയസായ് റെഡ്ഢി, എന്‍ സുരേഷ് തുടങ്ങിയ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.