Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ചക്ക് തുടക്കം

കണ്ണൂർ-തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ചകൾക്ക് ഇന്ന് കണ്ണൂരിൽ തുടക്കമാവും. കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ വി.കെ.അബ്ദുൽ ഖാദർ മൗലവി, സതീശൻ പാച്ചേനി, കെ.എം.ഷാജി എം.എൽ.എ, പി.കുഞ്ഞഹമ്മദ്, അബ്ദുറഹ്മാൻ കല്ലായി, അബ്ദുൽ കരീം ചേലേരി തുടങ്ങിയവർ സംബന്ധിക്കും.


യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളാണ് നിലനിൽക്കുന്നതെന്നും അതിനാൽ മറ്റു മാനദണ്ഡങ്ങൾക്കുപരിയായി ജയസാധ്യതയാണ് പരിഗണിക്കേണ്ടതെന്ന നിലപാട് കോൺഗ്രസിലും ലീഗിലും ഉയർന്നു വന്നിട്ടുണ്ട്. എന്നാൽ തുടർച്ചയായി മത്സര രംഗത്തുള്ളവരെ ഒഴിവാക്കി യുവാക്കൾക്ക് പരിഗണന നൽകണമെന്ന നിർദ്ദേശം ഇരു പാർട്ടികളിലും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ, മുന്നണിയിലെ അനൈക്യവും പ്രാദേശിക പ്രശ്‌നങ്ങളും മൂലം നിരവധി സീറ്റുകളും തദ്ദേശ സ്ഥാപനങ്ങളും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഈ പ്രശ്‌നങ്ങൾ മറികടന്ന് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകണമെന്ന തീരുമാനത്തിൽ രാഷ്ടീയ പാർട്ടികൾ എത്തിയിട്ടുണ്ട്. 


വിജയ സാധ്യത മാത്രം നോക്കി സ്ഥാനാർഥി നിർണയം നടത്തിയാൽ കഴിഞ്ഞ തവണ കൈവിട്ടുപോയ കടമ്പൂർ, മുഴപ്പിലങ്ങാട്, പരിയാരം, നാറാത്ത്, ചെങ്ങളായി, ന്യൂ മാഹി തുടങ്ങിയ പഞ്ചായത്തുകളെല്ലാം തിരികെ പിടിക്കാനാവുമെന്നാണ് യു.ഡി.എഫിലെ പൊതുവെയുള്ള വിലയിരുത്തൽ. കോൺഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ കോൺഗ്രസും, ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ ലീഗും സ്ഥാനാർഥികളാവണമെന്നാണ് ലീഗ് നേതൃയോഗത്തിൽ ഉയർന്ന ആവശ്യം.


അതേസമയം, ഇക്കുറി മുസ്‌ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പടുമെന്നാണ് സൂചന. തങ്ങളുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകൾ കഴിഞ്ഞ തവണ ലഭിച്ചില്ലെന്നാണ് പാർട്ടി വിലയിരുത്തൽ. ജില്ലാ പഞ്ചായത്തിൽ 4 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഇതിൽ ഒരു സീറ്റ് വിജയിച്ചു. ഇത്തവണ 10 സീറ്റെങ്കിലും ലഭിക്കണമെന്നാണ് ആവശ്യം. 
ബ്ലോക്ക് പഞ്ചായത്തിൽ 21 സീറ്റുകളാണ് ലഭിച്ചത്. ഇത് ഇരട്ടിയെങ്കിലും ആക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം. 


കോൺഗ്രസുമായി പ്രാദേശിക പ്രശ്‌നങ്ങൾ നിലനിൽക്കുന്ന വളപട്ടണം, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം ചർച്ചകൾ നടത്തി ഇവ പരിഹരിച്ചു കഴിഞ്ഞു.
കോൺഗ്രസിനെ സംബന്ധിച്ചും സ്ഥാനാർഥി നിർണയം വെല്ലുവിളിയാകും. സീറ്റ് വിഭജനമെന്ന കടമ്പ കടന്ന ശേഷം മാത്രം മതി തുടർന്നുള്ള ആലോചനകൾ എന്നാണ് തീരുമാനം. സീറ്റ് വിഭജനം ജില്ലാ തലത്തിൽ തന്നെ പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഇതിന് പല ഘട്ടങ്ങളിലായി ചർച്ചകൾ നടത്തേണ്ടിവരും.

 

Latest News