മലപ്പുറം- സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന അൽ അമീൻ പത്രത്തിന്റെ പുതിയ ഓൺലൈൻ പതിപ്പിന്റെ ലോഗോ പ്രകാശനം ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ് ഈ പത്രമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര കാലത്തെ സമാനമായ സാഹചര്യങ്ങളിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്ത അൽ അമീനിന്റെ പ്രസക്തി ഇക്കാലത്ത് വർധിച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
അൽ അമീൻ പത്രത്തിന്റെ 96-ാം വാർഷിക ദിനത്തിലാണ് ലോഗോ പ്രകാശനം നടന്നത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ട്രസ്റ്റ് ചെയർമാൻ സി. ഹരിദാസ് ലോഗോ ഏറ്റുവാങ്ങി. മലപ്പുറം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ അൽ അമീൻ പബ്ലിഷർ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. പത്രാധിപർ കോഡൂർ അബ്ദുൽ ബായിസ് സ്വാഗതവും മാനേജിംഗ് ഡയറക്ടർ ഉമ്മർ ഗുരിക്കൾ നന്ദിയും പറഞ്ഞു. മുഹമ്മദ് അർഷദ് പുതുപ്പറമ്പ് ആണ് ലോഗോയുടെ കാലിഗ്രഫി നിർവഹിച്ചത്.