കുവൈത്തില്‍ സ്വകാര്യമേഖലയിലേക്ക്  വിസ മാറ്റം വിലക്കി വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി- വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ജീവനക്കാര്‍ക്ക് സ്വകാര്യമേഖലയിലേക്ക് റെസിഡന്‍സ് വിസ മാറ്റം നിര്‍ത്തലാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയത്തില്‍നിന്ന് പിരിച്ചുവിട്ടാലും കുവൈത്തില്‍ താമസിക്കാമെന്ന അനേകം പ്രവാസികളുടെ മോഹത്തിന് വിലങ്ങുതടിയാണ് ഈ തീരുമാനം. മന്ത്രാലയത്തിന് കീഴിലെ മുഴുവന്‍ ജീവനക്കാര്‍ക്കും പുതിയ നിയമം ബാധകമാകും. എന്നാല്‍ കുവൈത്തില്‍ ജനിച്ചവര്‍, കുവൈത്ത് സ്വദേശിനിയുടെ ഭര്‍ത്താവ്, മക്കള്‍, കുവൈത്ത് സ്വദേശിയുടെ ഭാര്യ എന്നീ നാല് വിഭാഗക്കാര്‍ക്ക് ഇളവ് ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. 
സര്‍ക്കാര്‍ ജീവനക്കാരെ സ്വകാര്യമേഖലയിലേക്ക് മാറ്റുന്നത് നിരോധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നേരത്തെ പുറപ്പെടുവിച്ച തീരുമാനത്തെ തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ ഈ നീക്കം. അതേസമയം, യാത്രാ രേഖകളോടെ കുവൈത്തില്‍ കഴിയുന്ന ഫലസ്തീനികള്‍ക്കും ആരോഗ്യമന്ത്രാലയത്തിന്റെ ലൈസന്‍സ് കരസ്ഥമാക്കി ജോലി ചെയ്യുന്ന സാങ്കേതിക വിദഗ്ധര്‍ക്കും സ്വകാര്യ മേഖലയിലേക്ക് തുടര്‍ന്നു ട്രാന്‍സ്ഫര്‍ നല്‍കും. സ്വദേശിവല്‍ക്കരണ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 50 ശതമാനം വിദേശികളെയും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Latest News