ദുബായ്- എമിറേറ്റ് നിവാസികള്‍ക്ക് ഇനി പി.സി.ആര് ടെസ്റ്റ് നടത്താന്‍ ആശുപത്രികളെയോ ഹെല്‍ത്ത് സെന്ററുകളെയോ സമീപിക്കേണ്ട. ദുബായിലെ എല്ലാ ഷോപ്പിംഗ് മാളുകളിലും പി.സി.ആര് ടെസ്റ്റിന് സൗകര്യമേര്‍പ്പെടുത്തിയതായി ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ) വ്യക്തമാക്കി. എമിറേറ്റ്സ് മാള്‍, സിറ്റി സെന്റര്‍ മിര്‍ദിഫ്, സിറ്റി സെന്റര്‍ ദേറ എന്നിവിടങ്ങളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം രാവിലെ 11 മുതല്‍ വൈകീട്ട് ആറ് മണി വരെ ഉപയോക്താക്കളെ സ്വീകരിച്ചു തുടങ്ങി. ഡി.എച്ച്.എ ടോള്‍ ഫ്രീ നമ്പറായ 800342 ല്‍ വിളിച്ച് അപ്പോയ്ന്റ്മെന്റ് എടുക്കാവുന്നതാണ്.
എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖമോ പനിയോ തുടങ്ങി ഏതെങ്കിലും കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ മാളുകളിലെ പി.സി.ആര് ടെസ്റ്റ് സെന്ററുകളെ സമീപിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി. യാത്രാ സംബന്ധമായോ ചികിത്സേതര ആവശ്യങ്ങള്‍ക്കോ പരിശോധന നടത്തേണ്ടവരാണ് സൗകര്യം പ്രയോജനപ്പെടുത്തേണ്ടതെന്നും ഡി.എച്ച്.എ വൃത്തങ്ങള്‍ ഓര്‍മിപ്പിച്ചു.
മാളുകളിലെ പി.സി.ആര് ടെസ്റ്റ് സെന്ററുകളില്‍ ഓരോ ദിവസവും 180 പേരെ മാത്രമായിരിക്കും പരിശോധിക്കുക. 150 ദിര്‍ഹം ഈടാക്കി നടത്തുന്ന കോവിഡ് പരിശോധനാഫലം 24 മണിക്കൂറിനകം ഉപയോക്താവിന് ലഭ്യമാകും. ദുബായ് നിവാസികള്‍ക്ക് എത്രയും വേഗം കോവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പിലാക്കിയതെന്ന് ഡി.എച്ച്.എ അധികൃതര്‍ വിശദീകരിച്ചു.