തൃശൂര്‍- വെള്ളത്തിലും പണി കിട്ടുമെന്ന് ഷമീറിന് ഇതോടെ മനസ്സിലായി. 2.71 ലക്ഷം രൂപയ്ക്കു ലേലത്തില്‍ പിടിച്ച ബോട്ട് വെള്ളത്തില്‍ മുങ്ങിപ്പോയി. പൊക്കിയെടുക്കാന്‍ ചെവലായത് 6.90 ലക്ഷം! പൊളിക്കാനുള്ള ചെലവ് കൂടി കണക്കാക്കിയാല്‍ നഷ്ടക്കച്ചവടത്തിന്റെ കണക്ക് പിന്നെയും കൂടും.
അനധികൃത മത്സ്യബന്ധനത്തിനിടെ ഒരു വര്‍ഷം മുന്‍പു ഫിഷറീസ് വകുപ്പു പിടികൂടിയ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബോട്ട് ആണ് അഴീക്കോട് ലൈറ്റ് ഹൗസ് സ്വദേശി പള്ളിപ്പറമ്പില്‍ ഷമീര്‍ ലേലത്തില്‍ പിടിച്ചത്.
19.9 മീറ്റര്‍ നീളമുള്ള വലിയ ബോട്ട് അഴീക്കോട് മത്സ്യ ഭവനു മുന്‍പിലെ ജെട്ടിയിലാണ് കെട്ടിയിട്ടിരുന്നത്. ഒരു മാസം മുന്‍പായിരുന്നു ലേലം. പണം അടച്ചതിനു പിറ്റേന്നു ബോട്ട് എടുക്കാനെത്തിയപ്പോഴാണു ഷമീര്‍ കുടുക്കു തിരിച്ചറിഞ്ഞത്. ബോട്ട് ഉയര്‍ത്താനാകുന്നില്ല. കോഴിക്കോട്ടു നിന്നു ഖലാസികളുടെ സംഘമെത്തി. അവരുടെ ശ്രമവും വിജയിച്ചില്ല. ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്താനുള്ള ശ്രമം 2 തവണയും പരാജയപ്പെട്ടു. ഇതോടെ ബോട്ട് പൊളിച്ചെടുക്കുകയാണ് ഷമീര്‍.