ബംഗളുരൂ- 662 കോടി രൂപയുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ വെട്ടിലാക്കി പൗത്രന്റെ കമ്പനികളുടെ രഹസ്യ ഇടപാട് പുറത്ത്. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം യെഡിയൂരപ്പയുടെ പൗത്രന്‍ ശശിധര്‍ മര്‍ഡി രണ്ടു കമ്പനികളില്‍ ഡയറക്ടറാകുകയും ഈ കമ്പനികള്‍ കൊല്‍ക്കത്തയിലെ ഏഴു പൊള്ള കമ്പനികളില്‍ നിന്നായി അഞ്ചു കോടി രൂപ സ്വീകരിക്കുകയും ചെയ്തത് സംശയത്തിന്റെ നിഴലിലായിരിക്കുകയാണിപ്പോള്‍. മാര്‍ച്ച്, ജൂലൈ മാസങ്ങള്‍ക്കിടെയാണ് ഈ ഇടപാടുകള്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ മാസം സ്വകാര്യ ടിവി ചാനല്‍ പുറത്തു വിട്ട യെഡിയൂരപ്പയുടെ കുടുംബത്തിനെതിരായ ആഴിമതി ആരോപണങ്ങളില്‍ ഈ രണ്ടു കമ്പനികളുടെ ബാക്ക് അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടും. അഴിമതി നടന്നതായുള്ള രേഖകള്‍ പുറത്തു വിട്ട പവര്‍ ടിവിക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു. എട്ടു ദിവസം പ്രക്ഷേപണം വിലക്കിയിരുന്നു. ബംഗളുരുവില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന 660 കോടി രൂപയുടെ ഭവന പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിച്ച കമ്പനിക്ക് അന്തിമ സര്‍ക്കാര്‍ അനുമതി തരപ്പെടുത്തി നല്‍കുന്നതിനുള്ള കൈക്കൂലി ആയാണ് യെഡിയൂരപ്പയുടെ ബന്ധുക്കള്‍ വിവിധ മര്‍ഗങ്ങളിലൂടെ കോടികള്‍ വാങ്ങിയതെന്നാണ് ആരോപണം.
ഈ ആരോപണം മര്‍ഡി നിഷേധിച്ചു. ഒരു പദ്ധതിക്കു വേണ്ടിയുള്ള വായ്പ ആയാണ് പണം സ്വീകരിച്ചതെന്നും ഇതിന് എല്ലാ രേഖകളും ഉണ്ടെന്നും മര്‍ഡി പറഞ്ഞു. ആരോപണം ദുരുദ്ദേശപരവും കുടുംബത്തെ അപമാനിക്കാനുമാണെന്ന് യെഡ്യൂരപ്പയുടെ മകള്‍ പത്മാവതിയുടെ മകനായ മര്‍ഡി പറഞ്ഞു.