ഷാർജ ഇന്ത്യൻ സ്കൂൾ അധ്യാപിക കൂടിയായ എഴുത്തുകാരി ജാസ്മിൻ സമീർ സർഗസഞ്ചാരത്തിന്റെ വേറിട്ട വഴികളിലൂടെ യാത്ര ചെയ്യുന്ന പ്രതിഭയാണ്. പേര് അന്വർഥമാക്കുന്ന തരത്തിൽ മുല്ലപ്പൂവിന്റെ പരിമളം വീശുന്ന രചനകളിലൂടെ സഹൃദയ മനസ്സുകളിൽ ഇടം കണ്ടെത്തിയ ഈ എഴുത്തുകാരി പാട്ടെഴുത്തിലും വിജയകരമായ പരീക്ഷണങ്ങൾ നടത്തിയാണ് മുന്നേറുന്നത്.
ജാസ്മിന്റെ രചനയിൽ പിറന്ന ഭക്തിഗാന ആൽബം ജന്നത്ത് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. എസ്.ആന്റ് പ്രൊഡക്ഷൻസ് യുട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിന് സംഗീതാസ്വാദകരാണ് ആൽബം കാണുകയും മികച്ച അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തത്. മനുഷ്യനെ ക്രിയാത്മകവും രചനാത്മകവുമായ മാർഗങ്ങളിലേക്ക് നയിക്കുന്ന ചാലക ശക്തിയായ പ്രാർഥനയാണ് ഈ രചനയുടെ ഏറ്റവും വലിയ കരുത്ത്. ജാസ്മിന്റെ വരികൾ ആൽബമാകുന്നത് ഇത് രണ്ടാം തവണയാണ്. എന്നോട് അടുക്കുവാൻ വൈകിയതെന്തേ എന്നതായിരുന്നു ജാസ്മിന്റെ വരികളിൽ ആദ്യമിറങ്ങിയ ആൽബം. ഇഖ്ബാൽ കണ്ണൂർ സംഗീതം നൽകി ആലപിച്ച നാവിൻതുമ്പിൽ നിന്നും മായാതെ തത്തിക്കളിക്കും ഇമ്പമാർന്ന ഒരു പ്രണയ ഗാനമായിരുന്നു അത്.
ജന്നത്തിലെ പാട്ട് പരിചയപ്പെടുത്തുന്നിടത്ത്, പരിമിതിയില്ലാത്ത ഊർജമാണ് പ്രാർത്ഥന, അനന്തമാണതിൻ വ്യാപ്തി എന്നിങ്ങനെ ജാസ്മിൻ കുറിക്കുന്ന വരികൾ ഏറെ കാലിക പ്രസക്തവും ചിന്തോദ്ദീപകവുമാണ്.
കേൾക്കാൻ ഇമ്പമുള്ള ഭക്തിസാന്ദ്രവും സന്ദേശ പ്രധാനവുമായൊരു ഗാനം എന്നതാണ് ജന്നത്തിന്റെ ഏറ്റവും വലിയ സവിശേഷത. കോവിഡ് ഭീതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന സമയത്ത് ഭക്തിയും പ്രാർഥനയുമാണ് മനുഷ്യന് ഏറ്റവും ആശ്വാസം പകരുന്നത് എന്നതിനാൽ ഏറെ അവസരോചിതമായ ജാസ്മിന്റെ ഈ സർഗ സഞ്ചാരം സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. സുകൃതങ്ങളിലൂടെ ജീവിതം ധന്യമാക്കുവാൻ ആഹ്വാനം ചെയ്യുന്ന അർഥസമ്പുഷ്ടമായ വരികളും മനോഹരമായ ചിത്രീകരണവും ജന്നത്തിനെ കൂടുതൽ ആകർഷകമാക്കുന്നു.
നീണ്ട പതിനഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയ കൺമണിയായ ജന്നത്തിന്റെ പേര് ആൽബത്തിന് നൽകിയതിലൂടെ തന്റെ ഹൃദയ വികാരമാണ് ജാസ്മിൻ പങ്കുവെക്കുന്നത്. സ്വർഗ ലോകത്തുനിന്നും ദൈവം നൽകിയ മാലാഖയാണ് ജന്നത്ത്. ഓരോ മനുഷ്യനും വൈവിധ്യമാർന്ന അനുഗ്രഹങ്ങളാണ് ദൈവം കനിഞ്ഞരുളുന്നത്. കരുണാമയനും കാരുണ്യവാനുമായ ഈശ്വരനോടുള്ള നന്ദിയും കടപ്പാടും അറിയിച്ച് പ്രാർഥനാസാന്ദ്രമായി ജീവിതം ചിട്ടപ്പെടുത്തുന്നതാണ് ജന്നത്തിന്റെ പ്രമേയം. തികച്ചും സാന്ദ്രവും സന്ദേശ പ്രധാനവുമായ വരികളിലൂടെ ആസ്വാദകരുടെ മനം കവരുന്നതോടൊപ്പം ചിന്തയും സ്പർശിക്കുന്നു എന്നിടത്താണ് ഈ ആൽബം സവിശേഷമാകുന്നത്.
കാവ്യാത്മകമായ പാട്ടുകൾ എന്നാണ് ജാസ്മിന്റെ വരികളെ മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിലും സംഗീത സംവിധായകൻ കെ.വി. അബൂട്ടിയുമൊക്കെ വിശദീകരിച്ചത്. ഷാർജ ബുക്ക് അതോറിറ്റിയിലെ മോഹൻ കുമാറും ജാസ്മിന്റെ സർഗസപര്യകളെ ഏറെ പ്രശംസിച്ചുവെന്നത് സർഗവഴികളിലെ ജാസ്മിന്റെ ധന്യമായ ചുവടുകൾക്കുള്ള അംഗീകാരമാണ് .
കണ്ണൂർ ജില്ലയിലെ ചിറക്കലിൽ ഖദീജ അമ്പലത്തിലകത്തിന്റേയും അബ്ദുൽ ഖാദർ ഗുരുക്കളുടേയും മകളായ ജാസ്മിൻ വൈകി വീശിയ മുല്ലഗന്ധം, മകൾക്ക്, കാത്തുവെച്ച പ്രണയ മൊഴികൾ എന്നീ കാവ്യ സമാഹാരങ്ങളുടെ കർത്താവാണ്. ദുബായിൽ സിവിൽ എൻജിനീയറായ സമീറാണ് ഭർത്താവ്. ശഹ്സാദ്, ജന്നത്ത് എന്നിവർ മക്കളാണ്.
റഹ്മാനാണ് ആൽബത്തിന്റെ നിർമാതാവ്. സാവേരി ബിഥുലാണ് ജന്നത്ത് എന്ന മനോഹരമായ ഗാനം ഹൃദ്യമായി ആലപിച്ചിരിക്കുന്നത്. യു.എ.ഇ യിലെ സംഗീത സദസ്സുകളിലെ സജീവ സാന്നിധ്യവും താളങ്ങളുടെ രാജാവെന്ന് വിശേഷിപ്പിക്കാവുന്ന സർഗപ്രതിഭ ബിനിൽ ത്യാഗരാജനാണ് സംഗീതവും ഈണവും നൽകിയിരിക്കുന്നത്. സജിത് ശങ്കറിന്റെ ഓർക്കസ്ട്രേഷൻ, നിഖിലിന്റെ ഫഌട്ട്, രാദിയേഷ് പാലിന്റെ സൗണ്ട് മിക്സിംഗ്, അഭിലാഷ് അശോകിന്റെ ക്യാമറ, പ്രമോദ് മാധവന്റെ എഡിറ്റിംഗ് എന്നിവയും ആൽബത്തെ ആകർഷകമാക്കിയിരിക്കുന്നു.
എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഇഷ്ടവിനോദമായ ഉറക്കത്തെക്കുറിച്ച് കവിത എഴുതികൊണ്ടാണ് ജാസ്മിൻ തന്റെ സർഗസഞ്ചാരം ആരംഭിച്ചത്. ആ കവിത മലയാള മനോരമ ദിനപത്രത്തിന്റെ ഞായറാഴ്ച പേജിൽ അച്ചടിച്ച് വന്നത് വലിയ പ്രചോദനമായി. ചുറ്റിലുമുള്ള ജീവിതങ്ങളും സ്വന്തം അനുഭവങ്ങളും പ്രമേയമാക്കി ധാരാളം മിനിക്കഥകളും കവിതകളുമെഴുതി ക്രിയാത്മക മേഖലയിൽ സജീവമായി.
സ്കൂളിലെ മലയാളം ക്ലാസാണ് ജാസ്മിനെ ഏറെ ആകർഷിച്ചത്. പാഠപുസ്തകങ്ങളിലെ കഥ കവിത ആവർത്തിച്ച് വായിച്ചും കവിതകൾ ഈണത്തോടെ മനഃപാഠമാക്കിയും ജാസ്മിൻ ആസ്വാദനത്തിന്റെ പുതിയ തലങ്ങൾ കണ്ടെത്തി. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളും മാധവിക്കുട്ടിയുടെ കവിതകളുമൊക്കെ ജാസ്മിൻ എന്ന എഴുത്തുകാരിയെ സ്വാധീനിച്ച ഘടകങ്ങളാണ്. മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കളായ എഴുത്തുകാരുടെയും പ്രോത്സാഹനവും പ്രചോദനവും പിന്തുണയുമാണ് തന്റെ സർഗ പ്രവർത്തനങ്ങൾക്കുള്ള ഉത്തേജനമായി ജാസ്മിൻ കാണുന്നത്. ഉപ്പ നല്ലൊരു വായനക്കാരനും സഹൃദയനുമാണ്. ഉമ്മയും വലിയ പ്രോൽസാഹനമാണ് എന്നും നൽകുന്നത്.
ഇതിനകം മൂന്ന് പുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ചത്. എഴുത്തിന്റെ ആദ്യ നാളുകളിലെ കവിതകളുടെ സമാഹാരമായ വൈകി വീശിയ മുല്ലഗന്ധം എന്ന കൃതിക്ക് ബഷീർ തിക്കോടിയാണ് അവതാരികയെഴുതിയത്. 15 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദൈവം കനിഞ്ഞരുളിയ മകൾ ജന്നയ്ക്കു വേണ്ടി സമർപ്പിച്ച ഒരു കവിത ഉൾപ്പെടെ മകളെ കുറിച്ചുള്ള നല്ല കവിതകളുടെ സമാഹാരമായ മകൾക്ക് എന്നതാണ് രണ്ടാമത്തെ പുസ്തകം. 50 എഴുത്തുകാരുടെ 'മകൾ' വിഷയമായ കവിതകളാണ് പുസ്തകത്തിലുള്ളത്. വെള്ളിയോടനാണ് അവതാരിക. കാത്തുവെച്ച പ്രണയ മൊഴികൾ എന്ന തലക്കെട്ടിൽ 25 പ്രണയ കവിതകൾ ഉൾക്കൊള്ളുന്ന മൂന്നാമത്തെ പുസ്തകത്തിന് കെ ജയകുമാർ ആണ് അവതാരിക എഴുതിയിരിക്കുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ലിപി പബ്ലിക്കേഷൻസ് ആണ് 3 പുസ്തകങ്ങളുടേയും പ്രസാധകർ. മൂന്നും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലാണ് പ്രകാശിതമായത്. അയ്യപ്പനെന്ന സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയുടെ എന്റെ ലോകം എന്ന കവിതാ സമാഹാരം സുഹൃത്ത് അംജദ് അമീനുമായി ചേർന്ന് അറബിയിലേക്ക് തർജമ ചെയ്തു. 2019 ൽ ഷാർജ ബുക്ക് ഫെയറിൽ റിലീസ് ചെയ്തു.
അധ്യാപികയായിരുന്നതിനാൽ സ്കൂൾ അസംബ്ലികളിൽ കുട്ടികൾക്ക് അവതരിപ്പിക്കുവാനുള്ള കുഞ്ഞു കവിതകൾ എഴുതിയിട്ടുണ്ടായിരുന്നു. അങ്ങനെയൊരു കവിതാ സമാഹാരം പുറത്തിറക്കാൻ ആലോചനയുണ്ട്. ഒരു മിനിക്കഥാ സമാഹാരമാണ് ജാസ്മിന്റെ മറ്റൊരു സ്വപ്നം.
നിരവധി പുരസ്കാരങ്ങൾ ഇതിനകം ജാസ്മിനെ തേടിയെത്തിയിട്ടുണ്ട്. കണ്ണൂർ ആകാശവാണിയുടെ അങ്കണം പുരസ്കാരം, പാം അക്ഷര തൂലിക കവിതാ പുരസ്കാരം, യു.എഫ്.കെ. അസ്മോ പുത്തൻചിറ കവിതാ പുരസ്കാരം എന്നിവ പുരസ്കാരങ്ങളിൽ ചിലത് മാത്രമാണ്.