പട്‌ന- ഈ മാസം അവസാനം ബിഹാറില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവ സേന 50ഓളം സീറ്റുകളില്‍ മത്സരിക്കുമെന്ന് പാര്‍ട്ടി എംപി അനില്‍ ദേശായി അറിയിച്ചു. ബിഹാറില്‍ ശിവ സേനയ്ക്ക് ഒരു പാര്‍ട്ടിയുമായും സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊതുരംഗത്ത് സജീവമായുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. കാഹളമേന്തിയ പുരുഷന്‍ ചിഹ്നത്തിലായിരിക്കും ബിഹാറില്‍ ശിവ സേന മത്സരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശിവ സേനയുടെ ഔദ്യോഗിക ചിഹന്മായ അമ്പും വില്ലും ബിഹാറില്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. ജെഡിയു ചിഹ്നമായ അമ്പിനു സമാനമായതാണ് കാരണം.
22 സ്ഥാനാര്‍ത്ഥികളുടെ പട്ടിക വ്യാഴാഴ്ച ശിവസേന പ്രസിദ്ധീകരിച്ചിരുന്നു. പാര്‍ട്ടി അധ്യക്ഷനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, മകനും ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ എന്നിവരും തെരഞ്ഞെടുപ്പു പ്രചാരണത്തിനെത്തുമെന്ന് പാര്‍ട്ടി പറയുന്നു.
ബിഹാറിലെ 243 അംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തീയതികളിലാണ് വോട്ടെടുപ്പു നടക്കുന്നത്. ഫലം നവംബര്‍ 10ന് അറിയാം.