ന്യൂദല്‍ഹി-ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെതിരെ സംസ്ഥാന ബി.ജെ.പിയില്‍ പടയൊരുക്കം. ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ഒരുവിഭാഗം വിമത എം.എല്‍.എമാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ ഏഴ് എം.എല്‍.എമാര്‍ ദല്‍ഹിയിലെത്തി.ബിപ്ലബ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എം.എല്‍.എമാരുടെ ആരോപണം. സുദീപ് റോയ് ബര്‍മന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാരാണ് മുഖ്യമന്ത്രിക്കെതിരേ പരസ്യമായി രംഗത്തെത്തിയത്.
സുദീപ് റോയ്ക്ക് പുറമേ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കല്‍, മോഹന്‍ ത്രിപുര, പരിമാള്‍ ദേബ് ബര്‍മ, റാം പ്രസാദ് പാല്‍ എന്നീ എംഎല്‍എമാരാണ് കേന്ദ്ര നേതൃത്വത്തെ കാണാന്‍ ദല്‍ഹിയില്‍ തങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി വിമത സംഘം കൂടിക്കാഴ്ച നടത്തും.
ബിജെപിയുടെ 36 നിയമസഭാംഗങ്ങളില്‍ ബീരേന്ദ്ര കിഷോര്‍ ദേബ്, ബിപ്ലവ് ഘോഷ് എന്നീ രണ്ട് എംഎല്‍എമാരുടെ പിന്തുണ കൂടി തങ്ങള്‍ക്കുണ്ടെന്നും വിമത എം.എല്‍.എമാര്‍ അവകാശപ്പെട്ടു.
ത്രിപുരയില്‍ ബിജെപിക്ക് ദീര്‍ഘകാലത്തേക്ക് ഭരണം നിലനിര്‍ത്തണമെങ്കില്‍ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണം. സ്വോച്ഛാധിപത്യ ഭരണമാണ് ത്രിപുരയില്‍ നടക്കുന്നത്. മുഖ്യമന്ത്രി എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ല. രണ്ടിലേറെ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി കൈവശപ്പെടുത്തിയിരിക്കുകയാണ്. റിക്ഷ തൊഴിലാളികള്‍, പച്ചക്കറിമത്സ്യ കച്ചവടക്കാര്‍ മുതല്‍ വ്യവസായികള്‍ക്ക് വരെ മുഖ്യമന്ത്രിയോട് നീരസമുണ്ടെന്നും വിമത എം.എല്‍.എ ചൗധരി പറഞ്ഞു.
അതേസമയം സര്‍ക്കാരിന് ഭീഷണിയില്ലെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും ഏഴോ എട്ടോ എംഎല്‍എമാര്‍ക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് മാണിക് സാഹ അറിയിച്ചു. എംഎല്‍എമാരുടെ പരാതി കേട്ടിട്ടില്ലെന്നും പാര്‍ട്ടിക്ക് പുറത്ത് ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.