ജംഷഡ്പുര്‍-കോവിഡ്19 ലോക്ക് ഡൗണിനിടെ ജോലി നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ജീവിതം മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതോടെ നവജാത ശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച് വിധവ. ജാര്‍ഖണ്ഡിലെ ജംഷഡ്പുരിലാണ് 10 ദിവസം പ്രായമുള്ള കുട്ടിയെ അമ്മ 100 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് കുട്ടിയെ വില്‍ക്കാനുള്ള ശ്രമം തടഞ്ഞത്. ബുധനാഴ്ചയായിരുന്നു സംഭവം. കുട്ടിയെ കൈമാറാനായി അമ്മ പെട്രോള്‍ പമ്പില്‍ ഇരിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ രക്ഷിച്ചു. അതേസമയം കുട്ടിയെ വാങ്ങാനെത്തിയയാള്‍ രക്ഷപെട്ടെന്നും പോലീസ് പറയുന്നു.
റോഡ് സൈഡില്‍ പ്രവത്തിച്ചിരുന്ന ഫുഡ് സ്റ്റാളിലായിരുന്നു കുട്ടിയുടെ അമ്മ ജോലി ചെയ്തിരുന്നത്. കോവിഡ്19 വ്യാപനത്തെ തുടര്‍ന്ന് ദേശവ്യാപകമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇവര്‍ക്ക് ജോലി നഷ്ടമാവുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവ് മരിക്കുകയും ചെയ്തു. മോശം സാമ്പത്തികാവസ്ഥ കാരണമാണ് താന്‍ കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നാണ് പോലീസിനോട് ഇവര്‍ പറഞ്ഞത്.
യുവതിയെയും കുട്ടിയെയും പോലീസ് ബാല്‍ കല്യാണ്‍ സമിതിയ്ക്ക് കൈമാറിയിരിക്കുകയാണ്. കുട്ടി ഇവിടെ സുരക്ഷിതമാണെന്നും കുട്ടിയുമായി ബന്ധപ്പെട്ട ആര്‍ക്കും 60 ദിവസത്തിനുള്ളില്‍ നിയമപരമായ നടപടികളിലൂടെ അവകാശവാദം ഉന്നയിക്കാമെന്നും സമിതി അംഗം വ്യക്തമാക്കി.