Sorry, you need to enable JavaScript to visit this website.

ഭൂമിത്തര്‍ക്കം: യുപിയില്‍ അജ്ഞാതരുടെ വെടിയേറ്റ ക്ഷേത്ര പൂജാരി ഗുരുതരാവസ്ഥയില്‍

ലഖ്‌നൗ- ക്ഷേത്ര ഭൂമി തട്ടിയെടുക്കാനുള്ള ഭൂമാഫിയയുടെ ശ്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പൂജാരിയെ കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍ പ്രദേശില ഗോണ്ഡ ജില്ലയിലെ രാം ജാനകി ക്ഷേത്രത്തിലെ പൂജാരി സമ്രത് ദാസിനെയാണ് അജ്ഞാതര്‍ രാത്രിയിലെത്തി വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ചത്. പരിക്കേറ്റ പൂജാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ലഖ്‌നൗവിലെ ആശുപത്രിയിലേക്കു മാറ്റി. ഗോണ്ഡ നഗരത്തില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മനോരമ നദിയോരത്ത് കണ്ണായ സ്ഥലത്ത് ക്ഷേത്രത്തിന് വലിയ ഭൂമിയുണ്ട്. വന്‍വിലയുള്ള ഈ ഭൂമിയി തട്ടാനുള്ള പ്രദേശത്തെ ഭൂമാഫിയയുടെ ശ്രമമാണ് സംഭവത്തിനു പിന്നില്‍. ഇവര്‍ ഈ ഭൂമിയില്‍ അവകാശ വാദം ഉന്നയിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ പല കേസുകളും നിലവിലുണ്ട്.

പൂജാരിയെ വെടിവെച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ക്ഷേത്ര ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ രണ്ടാം തവണയാണ് ക്ഷേത്ര പൂജാരി ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ സമാന സംഭവത്തില്‍ ക്ഷേത്ര പൂജാരിയെ ജീവനോടെ തീയിട്ടു കൊലപ്പെടുത്തിയിരുന്നു.
 

Latest News