ഗുണ്ടൂർ- സംസ്ഥാനത്ത് ജുഡീഷ്യറി നിഷ്പക്ഷമാണെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെക്ക് കത്തയച്ചു.
സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജി എൻ.വി. രമണയ്ക്കും ആന്ധ്രാ ഹൈക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.
സർക്കാരിനെ അട്ടിമറിക്കാൻ ഹൈക്കോടതി ശ്രമിക്കുകയാണെന്ന് കത്തിൽ ആരോപിക്കുന്നു.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്യത്തിലുള്ള സർക്കാർ നടത്തിയ അഴിമതികളിലെ അന്വേഷണങ്ങളിൽ പരമോന്നത നീതി പീഠത്തിലെ ജഡ്ജിയും ഹൈക്കോടതി ജഡ്ജിമാരും അനാവശ്യമായി ഇടപെടുകയാണെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്ക് അയച്ച കത്തിൽ ജഗൻ ആരോപിച്ചു. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിലെല്ലാം കോടതി ഇടപെടുകയാണ്. സർക്കാരിനെ അട്ടമറിക്കാൻ ജുഡീഷ്യറി ശ്രമിക്കുന്നു.
നായിഡുവിന്റെ കാലത്തെ അഴിമതി കേസുകൾ നിഷ്പക്ഷരല്ലാത്ത ജഡ്ജിമാരാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് രമണ ചന്ദ്രബാബു നായിഡുവിന്റെ അടുപ്പക്കാരനാണെന്നും ജഗൻ ആരോപിച്ചു. ജഡ്ജിമാർക്കെതിരായ ആരോപണങ്ങൾക്ക് എട്ടു പേജുള്ള കത്തിൽ മുഖ്യമന്ത്രി തെളിവും നിരത്തി. ജസ്റ്റിസ് രമണയ്ക്കും ഹൈക്കോടതി ജഡ്ജിമാർക്കുമെതിരായ ആരോപണങ്ങളിൽ അന്വേഷണം വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച അയച്ച കത്ത് മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് രാത്രി വൈകി വാർത്താ സമ്മേളനം വിളിച്ചാണ് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയ അതേ ദിവസമാണ് കത്ത് നൽകിയിരിക്കുന്നത്.