ലഖ്‌നൗ- കൂടെ സഞ്ചരിക്കുകയായിരുന്ന ബന്ധുവിന്റെ ലൈംഗിക പീഡന ശ്രമം ചെറുത്ത യുവതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു. ഉത്തര്‍ പ്രദേശിലെ ഉന്നാവ് ജില്ലയില്‍ ആഗ്ര-ലഖ്‌നൗ എക്‌സപ്രസ്‌വേയില്‍ വെള്ളിയാഴ്ചയാണ് സംഭവം. യാത്രയ്ക്കിടെ ബന്ധുവും ഒരു സുഹൃത്തും ചേര്‍ന്നാണ് 25കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ബന്ധു ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ യുവതി പ്രതിരോധിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് യുവതിയുടെ കഴുത്തില്‍ മുറുക്കി. അബോധാവസ്ഥയിലായ യുവതിയെ പ്രതികള്‍ കാറില്‍ നിന്നും പുറത്തേക്കെറിയുകയായിരുന്നു. മരിച്ചെന്ന് കരുതിയാണ് പുറത്തെറിഞ്ഞതെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുപി എക്‌സ്പ്രസ്‌വേസ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ജീവനക്കാരാണ് യുവതിയെ സ്ബ്‌ലി ഖേരയില്‍ വീണു കിടക്കുന്നതായി കണ്ടെത്തിയത്. യുവതിയെ ആശുപത്രിയിലെത്തിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായി ഉന്നാവ് പോലീസ് സുപ്രണ്ട് ആനന്ദ് കുല്‍ക്കര്‍ണി അറിയിച്ചു.