ന്യുദല്‍ഹി- മറ്റൊരു ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായതിന്റെ പേരില്‍ ദല്‍ഹിയില്‍ 18കാരനായ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മുന്നു പേര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദല്‍ഹി ആദര്‍ശ് നഗര്‍ സ്വദേശി രാഹുല്‍ ആണ് കൊല്ലപ്പെട്ടത്. ആക്രമിക്കപ്പെടുന്നതിനു നിമിഷങ്ങള്‍ക്കു മുമ്പ് രാഹുല്‍ പെണ്‍കുട്ടിയോടൊപ്പമുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ രാഹുലുമായുള്ള പ്രണയ ബന്ധത്തിനെതിരായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് രാഹുലിനെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാഹുല്‍ വീട്ടില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു. പത്തോളം പേര്‍ ചേര്‍ന്നാണ് മര്‍ദിച്ചതെന്നും ചിലര്‍ രാഹുലിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പിതാവ് പറഞ്ഞു.
ഒക്ടോബര്‍ ഏഴിന് ട്യൂഷനെടുക്കാനെന്ന പേരില്‍ രാഹുലിനെ അക്രമികള്‍ വിളിക്കുകയായിരുന്നു. ഇതിനിടെയാണ് കൂട്ടമര്‍ദനം ഉണ്ടായത്. പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെ വച്ചാണ് മരിച്ചത്.