ഷിംല- ഭര്‍തൃ പീഡനത്തില്‍ സഹികെട്ട് മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെ അരുണാചല്‍ പ്രദേശില്‍ ആള്‍ക്കൂട്ടം ചേര്‍ന്ന് വിവസ്ത്രയാക്കുകയും മുടി വെട്ടിക്കളഞ്ഞ് മര്‍ദിക്കുകയും ചെയ്തു. ഈ സംഭവം വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. സെപ്തംബര്‍ 25ന് അര്‍ധരാത്രി നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നത്. അരുണാചലിലെ ചങ്‌ലാങ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് യുവതി കടുത്ത അപമാനത്തിനിരയായത്. ഗ്രാമത്തിലെ സ്ത്രീകള്‍ അടക്കമുള്ളവര്‍ കൂടിച്ചേര്‍ന്നാണ് ശിക്ഷിച്ചത്. യുവതിക്കുമേല്‍ തണുത്ത വെള്ളം കോരിയൊഴിക്കുകയും വാഹനത്തില്‍ നിന്ന് വലിച്ച് താഴെയിറക്കുകയും ചെയ്തു. ശേഷം വസ്ത്രം വലിച്ചൂകീറി തെറിയഭിഷേകവും നടത്തി. ഈ രംഗങ്ങളെല്ലാം വിഡിയോയിലും പകര്‍ത്തി. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് യുവതി ഓടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ഈ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
സംഭവത്തില്‍ 38 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വിവാഹിതനായ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടാനുള്ള തീരുമാനം ധൃതിയിലെടുത്തതല്ലെന്ന് യുവതി പറയുന്നു. അഞ്ചു വര്‍ഷത്തോളം ഭര്‍ത്താവിന്റെ കൊടിയ പീഡനങ്ങള്‍ സഹിച്ചു വരികയായിരുന്നു. തന്റെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും നിരവധി തവണ പ്രശ്‌നം ചര്‍ച്ച ചെയ്‌തെങ്കിലും തന്റെ വിധിക്കു മാറ്റമുണ്ടായില്ലെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ അമ്മയും പീഡനത്തിന് കൂട്ടുനിന്നതായി അവര്‍ ആരോപിച്ചു. തന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ മറ്റൊരാള്‍ വിവാഹഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇത് നിരസിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹത്തോടൊപ്പം പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നു യുവതി പറഞ്ഞു. അസമിലെ ടിന്‍സുകിയയിലേക്കു പേകാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പോകുന്നതിനിടെ കൂടെയുള്ള യുവാവിന്റെ ബന്ധുക്കള്‍ ബന്ധപ്പെട്ട് വിവാഹത്തെ ആശീര്‍വദിക്കാമെന്ന് വാഗ്ദാനം ചെയ്തു തിരിച്ചു വിളിക്കുകയായിരുന്നു. ഇവരെ തന്ത്രപൂര്‍വം തിരിച്ചെത്തിച്ചാണ് നാട്ടുകാര്‍ ആക്രമിച്ചത്.