Sorry, you need to enable JavaScript to visit this website.

ബാർബർ ജോലി പുനരാരംഭിച്ച് സൗദി യുവതി വഫാ സ്വഖ്ർ

സൗദി യുവതി വഫാ സ്വഖ്ർ തന്റെ ബാർബർ ഷോപ്പിൽ ജോലി ചെയ്യുന്നു. വലത്ത്: പുരുഷന്മാർക്ക് പ്രവേശന വിലക്കുള്ള കാര്യം അറിയിച്ച് സലൂണിനു പുറത്ത് സ്ഥാപിച്ച ബാനർ 

തായിഫ് - സൗദി യുവതി വഫാ സ്വഖ്ർ നാൽപത്തിയഞ്ചു ദിവസത്തെ ഇടവേളക്കു ശേഷം ബാർബർ ഷോപ്പ് വീണ്ടും തുറന്നു. ഹെൽത്ത് കാർഡും ആവശ്യമായ ലൈസൻസുകളും നേടിയാണ് വഫാ വീണ്ടും ബാർബർ ഷോപ്പ് തുറന്നത്. പത്തു വയസ്സിൽ കുറവ് പ്രായമുള്ള കുട്ടികളെ മാത്രമാണ് യുവതി തന്റെ സ്ഥാപനത്തിൽ സ്വീകരിക്കുന്നത്. 
തനിക്ക് ആത്മവിശ്വാസമുണ്ടെന്നും എന്ത് പ്രതിബന്ധങ്ങൾ നേരിട്ടാലും താൻ കീഴടങ്ങില്ലെന്നും വഫാ പറയുന്നു. ജീവതത്തിൽ എന്ത് പ്രതിബന്ധങ്ങൾ നേരിട്ടാലും കീഴടങ്ങരുത്. എപ്പോഴാണ് വിജയം കൈവരിക്കാൻ സാധിക്കുകയെന്ന കാര്യം നമുക്ക് അറിയില്ല എന്ന സന്ദേശമാണ് എല്ലാവർക്കും തനിക്ക് നൽകാനുള്ളത്. സ്ഥാപനം വീണ്ടും തുറന്ന് പ്രർത്തിപ്പിക്കാൻ സാധിച്ചതിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര ആഹ്ലാദവും സന്തോഷവുമുണ്ട്. ഈ മേഖലയിൽ കഴിവുകൾ തെളിയിക്കാൻ താൻ ശ്രമിക്കും. 


തന്റെ സ്ഥാപനത്തിലേക്ക് ആർക്കാണ് പ്രവേശനം നൽകേണ്ടത് എന്ന കാര്യം നിശ്ചയിക്കാത്തതാണ് തുടക്കത്തിൽ താൻ നേരിട്ട പ്രശ്‌നങ്ങളിൽ ഒന്ന്. കുട്ടികൾക്ക് മാത്രം സേവനം നൽകുന്ന ബാർബർ ഷോപ്പാണ് താൻ തുറന്നിരിക്കുന്നത്. പുരുഷന്മാർക്ക് പ്രവേശന വിലക്കുള്ള കാര്യം അറിയിച്ച് വലിയ ബാനർ സ്ഥാപനത്തിനു മുന്നിൽ തൂക്കിയിട്ടുണ്ട്. സ്ഥാപനത്തിൽ ഉപയോക്താക്കളെ സ്വീകരിക്കുന്നതിൽ താൻ ഏറെ ആഹ്ലാദവതിയാണെന്നും വഫാ സ്വഖ്ർ പറയുന്നു. 


വഫാ സ്വഖ്‌റിന്റെ ബാർബർ ഷോപ്പ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ അടപ്പിക്കുകയായിരുന്നു. തായിഫിലെ ബാർബർ ഷോപ്പിൽ ബാർബറായി സൗദി യുവതി ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച് രണ്ടാം ദിവസമാണ് സ്ഥാപനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അടപ്പിച്ചത്. ബാലന്റെ മുടി യുവതി വെട്ടുന്നതിന്റെ ദൃശ്യങ്ങൾ കുട്ടിയുടെ മാതാപിതാക്കൾ ചിത്രീകരിക്കുകയായിരുന്നു. യുവതിക്ക് മാനസിക പിന്തുണ നൽകാനാണ് ബാലന്റെ മാതാപിതാക്കൾ ഇതിലൂടെ ഉദ്ദേശിച്ചതെന്നായിരുന്നു വാദം. യുവതി ജോലി ചെയ്യുന്ന ബാർബർ ഷോപ്പ് കുട്ടികൾക്കു മാത്രമുള്ളതാണെന്നും പുരുഷന്മാർക്ക് പ്രവേശന വിലക്കുള്ളതായും വ്യക്തമാക്കുന്ന ബോർഡ് സ്ഥാപനത്തിനു മുന്നിൽ തൂക്കാത്തത് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ കടുത്ത പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പരാതികളെല്ലാം പരിഹരിച്ചും ആവശ്യമായ ലൈസൻസുകൾ നേടിയുമാണ് വഫാ സ്വഖ്ർ തന്റെ സ്ഥാപനം വീണ്ടും തുറന്നിരിക്കുന്നത്. 

 

Latest News