ന്യൂദല്‍ഹി- കാഴ്ചക്കാരുടെ എണ്ണം കൂട്ടുന്നതിന് മൂന്ന് ടിവി ചാനലുകള്‍ വീട്ടുകാർക്ക് പണം നല്‍കിയ സംഭവം വിവാദമായതോടെ ടിആർപി റേറ്റിംഗിൽ ക്രമക്കേട് പരിശോധിക്കാനൊരുങ്ങി ഐടി കാര്യ പാർലമെന്‍ററി സമിതി. 15 ന് ചേരുന്ന യോഗത്തിന്‍റെ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയതായി സമിതി വ്യക്തമാക്കി. വിശദീകരണം നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പ്രസാർ ഭാരതിക്കും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും സമിതി നോട്ടീസയച്ചു.
റേറ്റിംഗ് കണക്കാക്കുന്നതിനായി ബാരോ മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്ന മുംബൈയില്‍ രണ്ടായിരത്തോളം വീട്ടുകാരെ പണം നല്‍കി ചാനലുകള്‍ സ്വാധീനിക്കുന്ന സംഭവം മുംബൈ പോലീസാണ് സ്ഥിരീകരിച്ചത്. പ്രതിമാസം അയ്യായിരം രൂപ വരെയാണ് ചാനലുകള്‍ വാഗ്ദാനം ചെയ്തിരുന്നത്. റിപ്പബ്ലിക് ടിവി, ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ ചാനലുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ വഞ്ചനാകുറ്റമടക്കം ചുമത്തി കേസെടുത്തതായി മുംബൈ പോലീസ് മേധാവി പരംവീര്‍ സിംഗ് വ്യക്തമാക്കുകയായിരുന്നു.
ടിവി ചാനലുകളുടെ കാഴ്ചക്കാർ എത്രയെന്ന് കണ്ടെത്താൻ ടിആർപി റേറ്റിംഗ് സംവിധാനത്തെയാണ് പരസ്യം നൽകുന്നവർ ആശ്രയിക്കുന്നത്.