ബെയ്ജിങ്- ലോകാരോഗ്യ സംഘടനയുടെ കീഴില്‍ നടക്കുന്ന കോവാക്‌സ് പരീക്ഷണത്തിനു പിന്തുണയുമായി ചൈന. കോവിഡ് വാക്‌സിനു വേണ്ടിയുള്ള കോവാക്‌സ് ഉദ്യമത്തില്‍ പങ്കുചേരുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. ഇതോടെ ധനശേഷി കുറഞ്ഞ രാജ്യങ്ങള്‍ക്കു വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാനുള്ള ദൗത്യത്തില്‍ പങ്കാളിയാകുന്ന ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയിരിക്കുകയാണ് ചൈന.
വരുന്ന 2 വര്‍ഷത്തിനകം കോവിഡ് മഹാമാരിയെ നേരിടാന്‍ ചൈന 2 ബില്യന്‍ ഡോളര്‍ ചെലവിടുമെന്നു പ്രസിഡന്റ് ഷി ചിന്‍പിങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കാന്‍ ഈ ഉറച്ച കാല്‍വെയ്പ് സഹായിക്കും. കോവാക്‌സിനെ പിന്തുണയ്ക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ മുന്നോട്ടുവരുമെന്നാണു പ്രതീക്ഷയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാക്‌സിനുകളുടെ അവകാശം സമ്പന്ന രാജ്യങ്ങള്‍ കയ്യടക്കുന്നത് അസമത്വമുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടനയ്ക്ക് ആശങ്കയുണ്ട്. ഏഷ്യ, തെക്കന്‍ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ധനശേഷി കുറഞ്ഞ രാജ്യങ്ങളെ ഇതു ബാധിച്ചേക്കാം. പ്രതിസന്ധി ഒഴിവാക്കാനാണു കോവാക്‌സ് എന്ന സന്തുലിത വിതരണ സംവിധാനം രൂപപ്പെടുത്തിയത്. 2021 അവസാനത്തോടെ കുറഞ്ഞത് 2 ബില്യന്‍ ഡോസ് വാക്‌സിന്‍ എങ്കിലും വിതരണം ചെയ്യാമെന്നാണു ലോകാരോഗ്യ സംഘടനയുടെ പ്രതീക്ഷ.