ഓസ്‌ലോ- ആഗോള തലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായ വേള്‍ഡ് ഫൂഡ് പ്രോഗ്രാമിന്(ഡബ്ല്യു.എഫ്.പി) ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം. ലോകത്തൊട്ടാകെയുള്ള പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനുമെതിരെ സംഘടന നടത്തുന്ന പോരാട്ടത്തിനാണ് പുരസ്‌കാരമെന്ന് നൊബേല്‍ കമ്മിറ്റി അധ്യക്ഷന്‍ ബെരിറ്റ് റെയസ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. പട്ടിണിയെന്ന ഭീഷണിയെ നേരിടുന്നവരും അത് അനുഭവിക്കുന്നവരുമായ കോടിക്കണക്കിന് ആളുകളിലേക്ക് ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ വര്‍ഷത്തെ പുരസ്‌ക്കാരത്തിലൂടെ കമ്മിറ്റി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സുരക്ഷയെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കി ബഹുരാഷ്ട്ര സഹകരണ ഉണ്ടാക്കുന്നതില്‍ വേള്‍ഡ് ഫൂഡ് പ്രോഗ്രാം സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും പുരസ്‌കാര സമിതി നിരീക്ഷിച്ചു. റോം ആസ്ഥാനമക്കിയാണ് യുഎന്നിന്റെ ലോക ഭക്ഷ്യ പദ്ധതി പ്രവര്‍ത്തിക്കുന്നത്. 1963ലാണ് സ്ഥാപിതമായത്. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങള്‍ക്ക് ഈ സംഘടന വഴി ഭക്ഷ്യ സഹായം എത്തിയിട്ടുണ്ട്.