റാഞ്ചി- മഹാരാഷ്ട്രയിലെ ഭീമ കൊറഗാവില്‍ 2018ല്‍ ദളിത് സമ്മേളനത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ മലയാളിയും പ്രമുഖ ആദിവാസി പൗരാവകാശ പ്രവര്‍ത്തനും ജെസ്യൂട്ട് പുരോഹിതനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലെ വീട്ടില്‍ നിന്നാണ് 83കാരനായ സ്റ്റാന്‍ സ്വാമിയെ ദല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. വയോധികനായ പൗരാവകാശ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പ്രമുഖരായ പൗരാവകാശ പ്രവര്‍ത്തകരും അക്കാദമിക് വിദഗ്ധരും അറസ്റ്റിലായ ഭീമ കൊറഗാവ് കേസില്‍ അറസ്റ്റിലാകുന്ന ഏറ്റവും പ്രായമേറിയ പ്രമുഖനാണ് വാര്‍ധക്യ സഹജ രോഗങ്ങള്‍ അലട്ടുന്ന സ്റ്റാന്‍ സ്വാമി.
ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ സ്വാമിയുടെ അറസ്റ്റിനെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അപലപിച്ചു. ഖനന കമ്പനികളുടെ ലാഭമാണ് ആദിവാസികളുടെ ജീവനേക്കാളും ജീവനോപാധികളേക്കാളും ഈ സര്‍ക്കാര്‍ വിലമതിക്കുന്നത്. അതുകൊണ്ടാണ് മോഡി സര്‍ക്കാര്‍ ഇവരുടെ ശബ്ദം അടിച്ചമര്‍ത്തുന്നത്- ഗുഹ ട്വീറ്റ് ചെയ്തു.
നിരോധിത സംഘടനയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ- മാവോയിസ്റ്റ് അംഗമാണ് സ്റ്റാന്‍ സ്വാമിയെന്നാണ് എന്‍ഐഎ വാദം. ഈ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പണം സ്വീകരിച്ചുവെന്നും അന്വേഷണ ഏജന്‍സി പറയുന്നു. ഭീമ കൊറഗാവ് കേസിലെ മറ്റു പ്രതികളുമായി സമ്പര്‍ക്കത്തിലായിരുന്നു സ്റ്റാന്‍ സ്വാമിയെന്നും ഏജന്‍സി പറയുന്നു. ഈ കേസില്‍ എന്‍ഐഎ പ്രതികളാക്കിയിട്ടുള്ളത് പ്രമുഖ പൗരാവകാശ പ്രവര്‍ക്കരും അക്കാദമിക് വിദഗ്ധരും ഉള്‍പ്പെടെയുള്ളവരെയാണ്. ഇവരില്‍ പലരും രണ്ടു വര്‍ഷത്തിലേറെയായി ജയിലിലുമാണ്.