ന്യൂദൽഹി -ഓൺലൈനിലെ വിമർശകരേയും എതിരാളികളേയും നേരിടാൻ ബി.ജെ.പിയും പാർട്ടിയുടെ നേതൃത്തിലുള്ള സർക്കാരും പൊതുഖജനാവിൽനിന്ന് കോടികൾ ചെവഴിക്കുന്നതായി കണ്ടെത്തി. ബി.ജെ.പി അനുഭാവികളുടെ കമ്പനി മുഖേനയാണ് പാർട്ടി ഐ.ടി സെൽ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതെന്നും എൻ.ഡി.ടി.വി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. കോടികൾ മുടക്കി സ്വകാര്യ കമ്പനികളെ ഉപയോഗപ്പെടുത്തിയാണ് ബി.ജെ.പിയും സംഘപരിവാർ സംഘടനകളും സാമൂഹിക മാധ്യമങ്ങളിലും ഓൺലൈനിലും ആധിപത്യം നിലനിർത്തുന്നതെന്ന വാദം കുറച്ചു കാലമായി കേട്ടുവരുന്ന ഒന്നാണ്. ഇക്കാര്യം ബി.ജെ.പി എപ്പോഴും നിഷേധിച്ചിട്ടുമുണ്ട്. എന്നാൽ ഇവ ശരിവയ്ക്കുന്ന കണ്ടെത്തുലകളാണ് എൻ.ഡി.ടി.വി സംഘത്തിന്റെ അന്വേഷണത്തിൽ പുറത്തു വന്നിരിക്കുന്നത്.
ഭാർഗവ് ജനി എന്ന വ്യക്തിയുടെ ട്വിറ്റർ ഹാൻഡ്ൽ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോളോ ചെയ്യുന്ന എണ്ണപ്പെട്ട ചിലരിൽ ഓരാളാണ് ഭാർഗവ്. ആൾദൈവം ഗുർമീത് റാം റഹീം സിങിനെ കോടതി ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് വിധിച്ചതോടെ പൊട്ടിപ്പുറപ്പെട്ട കലാപ സമയത്ത് ഹരിയാന സർക്കാരിന്റെ വീഴ്ചയെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി എം എൽ ഖട്ടറിനെ പിന്തുണച്ച് #HaryanaWithKhatter എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡ് ചെയ്തിരുന്നു. ഈ ഹാഷ് ടാഗും കൂടെയുള്ള പോസ്റ്റും ബിജെപി അനുകൂല ഹാൻഡിലുകൾ പലതവണ ട്വീറ്റ് ചെയ്തു. ഭാർഗവ മൂന്ന് മണിക്കൂറിനിടെ 63 തവണയാണ് ട്വിറ്ററിൽ ഇതേ ഹാഷ് ടാഗിൽ ഖട്ടറിനെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്.
ഇദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ സ്വയം പരിചയപ്പെടുത്തുന്നത് 2009 മുതൽ ബിജെപിയുടെ സോഷ്യൽ മീഡിയ മാനേജർ എന്നാണ്. 2016 ഡിസംബർ മുതൽ സിൽവർ ടച്ച് ടെക്‌നോളജീസ് ലിമിറ്റഡ് എന്ന കമ്പനിയിൽ സോഷ്യൽ മീഡിയ മാനേജർ കൂടിയാണ് താനെന്നും പ്രൊഫൈലിൽ വ്യക്തമാക്കുന്നു. ഭാഗർവയുടെ സോഷ്യൽ മീഡിയ പ്രകടനം വിലയിരുത്തിയതോടെ ബി.ജെ.പിക്കു വേണ്ടി സോഷ്യൽ മീഡിയിൽ എങ്ങനെയാണ് ട്രെൻഡുകൾ സൃഷ്ടിക്കപ്പെടുന്നതെന്നും കേന്ദ്രീകൃത രീതിയിൽ എങ്ങനെയാണ് ബി.ജെ.പി നേരിടുന്ന പ്രതിസന്ധികളെ കൈകാര്യം ചെയ്യുന്നതെന്നും വ്യക്തമായി.
പന്ത്രണ്ടോളം മാതൃകാ ട്വീറ്റുകളും അതോടൊപ്പം ചേർക്കേണ്ട ഹാഷ് ടാഗും ആദ്യം തയാറാക്കുകയാണ് ഇവർ ചെയ്യുന്നത്. നിശ്ചിത സമയത്ത് ബി.ജെ.പി അനൂകൂല ട്വിറ്റർ ഹാൻഡിലുകൾ ഈ ട്വീറ്റുകൾ ഓരോന്നായി പോസ്റ്റ് ചെയ്തു തുടങ്ങും. അൽപ്പസമയത്തിനകം തന്നെ ഇത് പലയിടത്തുനിന്നുമായി വ്യാപകമായി ട്വീറ്റ് ചെയ്യപ്പെടുകയും ഇങ്ങനെ ട്രെൻഡിങിൽ മുന്നിലെത്തിക്കുകയും ചെയ്യുന്നു. ഇതാണ് പ്രവർത്തന രീതി.
ഭാർഗവ ജോലി ചെയ്യുന്ന സ്ഥാപനമായി സിൽവർ ടച്ച് 1992ൽ അഹമദാബാദിൽ സ്ഥാപിതമായ കമ്പനിയാണ്. റിലയൻസ്, അദാനി ഗ്രൂപ്പ്, ഹിറ്റാച്ചി, നിർമ്മ ഗ്രൂപ്പ് തുടങ്ങി വമ്പൻ കമ്പനികളും സിൽവർ ടച്ചിന്റെ ക്ലയന്റുകളാണ്. ഇവരുടെ ഏറ്റവും വിലയ ഉപഭോക്താവ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാരാണ്. ചുരുങ്ങിയത് 17 സർക്കാർ വകുപ്പുകൾക്കെങ്കിലും വേണ്ടി ഇവർ ഓൺലൈൻ പ്രചരണ ജോലികൾ ചെയ്തിട്ടുണ്ട്. നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയിൽ സമർപ്പിച്ച രേഖകളിൽ സിൽവർ ടച്ച് പറയുന്നത് തങ്ങളുടെ 53 ശതമാനം ജോലികളും സർക്കാർ കരാറുകളാണെന്നാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 62.5 കോടി രൂപയുടെ ജോലികൾ സർക്കാരിനു വേണ്ടി ചെയ്തു.
ബി.ജെ.പി, കേന്ദ്ര സർക്കാർ അനകൂല ട്രെൻഡുകളെ പിന്തുണക്കുന്ന സിൽവർ ടച്ചിലെ ഒരേഒരു ജീവനക്കാരനല്ല ഭാർഗവ്. കമ്പനി ഡയറക്ടർമാരിൽ ഒരാളായ ഹിമാൻശു ജെയ്‌നും തന്റെ ബി.ജെ.പി അനുകൂല നിലപാടുകളും പ്രചാരണങ്ങളും തന്റെ സ്വന്തം ട്വിറ്റർ ഹാൻഡിലൂടെ നടത്തുന്നുണ്ട്. ട്വിറ്ററിൽ പ്രധാമന്ത്രി മോഡി ഹിമാൻശുവിനേയും ഫോളോ ചെയ്യുന്നുണ്ട്. മോഡിയെ പിന്തുണച്ചും ജയ് ഷാ വിവാദത്തിൽ അദ്ദേഹത്തെ പ്രതിരോധിച്ചും നിരവധി പോസ്റ്റുകളാണ് ഇദ്ദേഹത്തിന്റെ ട്വിറ്റർ ഹാൻഡിലിലും കണ്ടത്.
പ്രധാനമന്ത്രി മോഡി വരെ ഫോളോ ചെയ്യുന്ന രണ്ടു ജീവനക്കാരുള്ള സിൽവർ ടച്ച് എന്ന ഐടി സ്ഥാപനത്തെ നേരിട്ടു ബന്ധപ്പെട്ടും എൻ.ഡി.ടി.വി സംഘം അന്വേഷണം നടത്തി. ഉത്തർപ്രദേശ് മന്ത്രിക്കു വേണ്ടി സോഷ്യൽ മീഡിയ പ്രചാരണ ജോലികൾ ഏറ്റെടുക്കുമോ എന്നന്വേഷിച്ചാണ് സംഘം കമ്പനിയെ ബന്ധപ്പെട്ടത്. മന്ത്രിയുടെ വിമർശകരെ നേരിടാൻ ട്വിറ്റർ ഹാൻഡ്ൽ മാനേജ് ചെയ്യാൻ ഭാർഗവ് ജാനിയെ പോലുള്ളവരുടെ സേവനമാണ് വേണ്ടതെന്നറിയിച്ചു. ഇതോടെ ഭാർഗവിന്റെ മേലുദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി ജയ്‌സ്വാൾ എന്നയാളെ ബന്ധപ്പെടുത്തി. സിൽവർ ടെച്ച് ഓൺലൈൻ പ്രശസ്തി മാനേജ് ചെയ്യുന്ന സേവനമാണ് നൽകുന്നതെന്ന് ജയ്‌സ്വാൾ പറഞ്ഞു. ഇതിനായി സർവസജ്ജമായ ഒരു സംഘം തങ്ങൾക്കുണ്ടെന്നും അദ്ദേഹം അറിയിച്ച ശേഷം മറ്റൊരു മേലുദ്യോഗസ്ഥനായ മനോജ് എന്നയാളുമായി എൻ.ഡി.ടി.വി സംഘത്തെ ബന്ധപ്പെടുത്തി.
ഹരിയാന ബി.ജെ.പി സർക്കാരിനു വേണ്ടി സോഷ്യൽ മീഡിയ മാനേജ് ചെയ്യുന്നുണ്ടെന്ന് മനോജ് സമ്മതിച്ചു. അതേസമയം കരാറിൽ ഈ കാര്യം പരാമർശിക്കില്ലെന്നും കണ്ടന്റ് റൈറ്റിങ് എന്നോ മറ്റെന്തിങ്കിലും ജോലികളോ ആണ് പരാമർശിക്കുകയെന്നും മനോജ് അറിയിച്ചു. സിൽവർ ടച്ച് ബി.ജെ.പിക്കു വേണ്ടി മാത്രമേ ഇത്തരം ജോലികൾ ചെയ്യൂവെന്നും മനോജ് വ്യക്തമാക്കി. പിന്നീട് വിശദമായ ചോദ്യവലി തയാറാക്കി കമ്പനിക്ക് അയച്ചു കൊടുത്തെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.
സിൽവർ ടച്ചിന്റെ ദൽഹി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ പരസ്യമായി സംസാരിക്കാൻ ആരും തയാറായില്ല. പിന്നീട് കമ്പനി ഉന്നത ഉദ്യോഗസ്ഥനായ സഞ്ജയ് റോയ് എന്നയാളുമായി ബന്ധപ്പെട്ടപ്പോൾ തങ്ങൾ സോഷ്യൽ മീഡിയ സേവനങ്ങളൊന്നും നൽകുന്നില്ലെന്നാണ് പറഞ്ഞത്. ഇതൊരു ഐടി കമ്പനിയാണ്. സോഷ്യൽ മീഡിയ പ്രചാരണ സേവനങ്ങളുമായി തങ്ങൾക്കു ബന്ധമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കമ്പനി ജീവനക്കാരായ ഭാർഗവയും ഹിമാൻശുവും ട്വിറ്ററിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണം നടത്തുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ അത് അവർ വ്യക്തിപരമായി ചെയ്യുന്നതാണെന്നായിരുന്നു മറുപടി.
എന്നാൽ ഇരുവരുടേയും ബിജെപി അനുകൂല ട്വീറ്റുകളെല്ലാം തുടർച്ചയായി വന്നിരിക്കുന്നത് ഓഫീസ് പ്രവർത്തന സമയത്താണ്. ഈ സമയത്ത് ഇവർ ദിവസേന അമ്പതോളം ബിജെപി, കേന്ദ്ര സർക്കാർ, മോഡി അനുകൂല ട്വീറ്റുകളാണ് ചെയ്യുന്നത്. സിൽവർ ടച്ച് ഉദ്യോഗസ്ഥരായ ജയ്‌സ്വാളുമായും മനോജുമായും നടത്തിയ ചർച്ചകളും സോഷ്യൽ മീഡിയ സേവന വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയപ്പോൾ ഇതിനെകുറിച്ചു തനിക്ക് ഒന്നുമറിയില്ലെന്നായിരുന്നു റോയിയുടെ മറുപടി.
ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയും സിൽവർ ടച്ചിന്റെ പങ്ക് നിഷേധിച്ചു. പാർട്ടി ഐ.ടി സെൽ ദേശീയ ടീമോ സംസ്ഥാനങ്ങളിലെ ടീമോ ഒരു കമ്പനിയുമായും കരാറുണ്ടാക്കിയിട്ടില്ലെന്നും സിൽവർ ടച്ച് എന്ന കമ്പനിയെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.