Sorry, you need to enable JavaScript to visit this website.

ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബം തടങ്കലിൽ; ഹരജി തള്ളി ഹൈക്കോടതി

ലഖ്നൗ-  ജില്ലാ ഭരണകൂടം തടഞ്ഞു വെച്ചിരിക്കുകയാണെന്ന് ആരോപിച്ച് ഹാഥ്റസില്‍ പീഡനത്തിനരയായി കൊല്ലപ്പെട്ട  പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി നൽകിയ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. കുടുംബത്തിന് സുപ്രീം കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പ്രിതിൻകർ ദിവാകർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സമാന സ്വഭാവമുള്ള ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പോലീസ് സമ്മർദ്ദം ചെലുത്തുകയാണെന്നും തടങ്കലിൽ ആക്കിയ അവസ്ഥയാണെന്നുമാണ് ഹേബിയസ് കോർപ്പസ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കുടുംബത്തിന് വേണ്ടി അഖില ഭാരതീയ വാല്മീകി മഹാപഞ്ചായത്താണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കേസില്‍ തങ്ങള്‍ നിരപരാധികളാണെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും ചേര്‍ന്നാണ് അവളെ മര്‍ദിച്ചതെന്നും വിവരിച്ചാണ് പ്രതിയായ സന്ദീപ് താക്കൂര്‍ മറ്റു പ്രതികളുടെ വിരലടയാളം പതിപ്പിച്ച കത്ത് പോലീസിന് നല്‍കിയത്. എന്നാല്‍, ഇതെല്ലാം തങ്ങളെ ഭയപ്പെടുത്താനുള്ള അടവുകളാണെന്നും നീതി ലഭിക്കും വരെ പോരാടുമെന്നും പെണ്‍കുട്ടിയുടെ കുടുംബം പ്രതികരിച്ചു.


ഫോണില്‍ സംസാരിക്കാനോ നേരില്‍ കാണാനോ മറ്റുള്ളവരുമായി ഇടപഴകാനോ കഴിയുന്നില്ലെന്നും പുറത്തിറങ്ങാന്‍ പോലും അനുവദിക്കുന്നില്ലെന്നുമാണ് അലഹബാദ് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. അഖില ഭാരതീയ വാത്മീകി മഹാപഞ്ചായത്ത് ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദറാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹരജി ഫയല്‍ ചെയ്തത്.
ക്കുന്നത്.
സെപ്റ്റംബര്‍ 14 നാണ് പെണ്‍കുട്ടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. പിന്നീട് ദല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. സെപ്റ്റംബര്‍ 14 ന് തന്നെ സന്ദീപ് താക്കൂര്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് ഇയാളുടെ ബന്ധുവായ രവി സിംഗ്, ലവകുശ് താക്കൂര്‍, രാം കുമാര്‍ എന്നിവരും അറസ്റ്റിലായി. കൊലപാതക, മാനഭംഗക്കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. പോലീസിന് നല്‍കിയ അവസാന മൊഴിയിലും പെണ്‍കുട്ടി പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു.

 

 

Latest News