ലക്നൗ- അടിയന്തര യുദ്ധ, ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പരീക്ഷണ തയാറെടുപ്പിന്റെ ഭാഗമായി ഉത്തർ പ്രദേശിലെ ലക്‌നൗ ആഗ്ര എക്‌സ്പ്രസ് ഹൈവേയിൽ യുദ്ധവിമാനങ്ങൾ ഇറക്കി ഇന്ത്യൻ വ്യോമ സേനയുടെ കിടിലൻ അഭ്യാസ പ്രകടനം. സേനയുടെ കരുത്തുറ്റ പോർവിമാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഈ അഭ്യാസത്തിന്റെ ഭാഗമായി ആദ്യം റോഡിലിറങ്ങിയത് വ്യോമസേനയുടെ സി130 സൂപ്പർ ഹെർക്കുലിസ് സൈനിക യാത്രാവിമാനമാണ്. റോഡിലെ എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്ത് വിമാനം പുർണമായും നിർത്തുന്നതിനു മുമ്പു തന്നെ ഗരുഡ് കമാൻഡോകൾ ചാടിയിറങ്ങി പോർവിമാനങ്ങൾക്കിറങ്ങാൻ പാകത്തിൽ ലാൻഡിങ് സ്ട്രിപ്പിന് സുരക്ഷാ കവചമൊരുക്കി. ഇവരുടെ വാഹനങ്ങളും വിമാനത്തിൽ നിന്നും പുറത്തിറക്കി.
ഇന്ത്യയിൽ ആദ്യമായാണ് ഒരു യാത്രാ വിമാനം റോഡിൽ ലാൻഡ് ചെയ്യുന്നതും പറന്നുയരുന്നതും. ജാഗ്വാർ, മിറാഷ്, സുഖോയ് 230 പോർവിമാനങ്ങളും അഭ്യാസ പ്രകടനത്തിൽ പങ്കെടുത്തു. ഇവ പൂർണമായും റോഡിൽ ലാൻഡ് ചെയ്തില്ല. റോഡിൽ തൊട്ടു വീണ്ടും പറന്നുയരുകയായിരുന്നു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് പ്രകടനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ജനങ്ങളെ ഒഴിപ്പിക്കുന്നതിനുമുള്ള ശേഷി പരീക്ഷിച്ചറിയുകയായിരുന്നു.
അഭ്യാസത്തിന്റെ ഭാഗമായി ലക്‌നൗ ആഗ്ര ഹൈവെ രണ്ടു മണി വരെ പൂർണമായും അടച്ചിട്ടു. ഈ എക്‌സ്പ്രസ് ഹൈവേയുടെ ഉൽഘാടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷവും വ്യോമസേന ഇവിടെ വിമാനമിറക്കിയിരുന്നു. 302 കിലോമീറ്റർ ദൂരമുള്ള ഈ ഹൈവേയാണ് ഇന്ത്യയിലെ ദൈർഘ്യമേറിയ എക്‌സ്പ്രസ് ഹൈവെ. മുൻമുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വപ്‌ന പദ്ധതിയായിരുന്ന ഈ പാത രണ്ടു വർഷം കൊണ്ട് റെക്കോർഡ് വേഗത്തിലാണ് പണികഴിപ്പിച്ചത്.
പുതിയ എക്‌സ്പ്രസ് പാതകളെല്ലാം യുദ്ധവിമാനങ്ങൾക്കിറങ്ങാൻ പാകത്തിൽ രൂപകൽപ്പന ചെയ്യാനാണ് സർക്കാർ പദ്ധതി. സൈനിക താവളങ്ങൾക്കു നേരെ ആക്രമണമുണ്ടാകുകയോ പ്രകൃതിദുരന്തങ്ങളിൽപ്പെടുകയോ ചെയ്യുന്ന സാഹചര്യങ്ങളെ നേരിടാനാണിത്.