Sorry, you need to enable JavaScript to visit this website.

യുഎഇ സന്ദര്‍ശനത്തില്‍ മുരളീധനരനോടൊപ്പം സ്മിത മേനോന്‍;  വിവാദത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കണം തേടി

ന്യൂദല്‍ഹി-കേന്ദ്ര മന്ത്രി വി മുരളീധരനോടൊപ്പം യുഎഇ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘിച്ച് പിആര്‍ കമ്പനി മാനേജര്‍ സ്മിത മേനോനെ പങ്കെടുപ്പിച്ചു എന്ന ആരോപണത്തില്‍ വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. ചട്ടം ലഘിച്ച് സ്മിത മേനോന്‍ എങ്ങനെയാണ് പങ്കെടുത്തത് എന്നകാര്യമാണ് അന്വേഷിത്തുന്നത്. പ്രോട്ടോക്കോള്‍ ലംഘനമുണ്ടായെന്ന പരാതിയെ തുടര്‍ന്ന് വിദേശകാര്യ വകുപ്പില്‍നിന്നാണ് വിശദീകരണം തേടിയത്.
വിദേശ കാര്യ മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി കൂടിയായ അരുണ്‍ കെ ചാറ്റര്‍ജിയോട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
എല്‍ജെഡി നേതാവ് സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് നടപടി. മുരളീധരന്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ കേന്ദ്ര പ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പിആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഔദ്യോഗിക സംഘത്തിലില്ലാത്ത സ്മിത മേനോനാണ് മന്ത്രിക്കൊപ്പം യുഎഇ സന്ദര്‍ശിച്ചത്. 2019 ലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ വേദിയില്‍ ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത സ്മിത മേനോന്‍ പങ്കെടുത്തത്. മഹിളാ മോര്‍ച്ച ഭാരവാഹി പട്ടികയില്‍ സ്മിതമേനോനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തിരുന്നു.
അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി കൊടുക്കേണ്ടത് താനാണോ എന്നായിരുന്നു മുരളീധരന്‍ ഇതിനോട് പ്രതികരിച്ചത്. അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ തനിക്കാവില്ല. സ്മിതാ മേനോന്‍ ഇരുന്നത് സ്‌റ്റേജില്‍ അല്ല. അനുമതി കൊടുത്തത് സ്മിതാ മേനോന് മാത്രമല്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.
'സമ്മേളനത്തില്‍ പങ്കെടുടുക്കാന്‍ പറ്റുമോ എന്ന് സ്മിത മേനോന്‍ ചോദിച്ചു. പങ്കെടുക്കാമല്ലൊ എന്ന് മറുപടിയും നല്‍കി. മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സെഷനിലാണ് അവര്‍ ഇരുന്നത്. രജിസ്റ്റര്‍ ചെയ്താണ് അവര്‍ പങ്കെടുത്തത്. അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ വട്ടമേശയായാണ് ഇരിക്കാറ്', വി മുരളീധരന്‍ പറഞ്ഞു.
അനുമതി ചോദിച്ചിരുന്നെങ്കില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കും കിട്ടിയേനെ. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ വന്ന് കാണാനും മന്ത്രി പറഞ്ഞു. വിവാദത്തില്‍ തന്റെ ഭാഗം വിശദീകരിച്ചുകൊണ്ടുള്ള സ്മിതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വായിക്കുകയും ചെയ്തു.
താന്‍ മാധ്യമപ്രവര്‍ത്തനം പഠിച്ചയാളാണെന്നും പത്രക്കുറിപ്പ് തയ്യാറാക്കാന്‍ വേണ്ടി പി ആര്‍ പ്രൊഫഷണല്‍ എന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തതെന്നുമാണ് സ്മിതയുടെ വിശദീകരണം.'പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിആര്‍ റിപ്പോര്‍ട്ടിങ് ചെയ്യാന്‍ ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചു. ഒരു അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് ചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്. മീഡിയ എന്‍ട്രി ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം സമാപന ദിവസം വന്നോളാന്‍ അനുവാദം തന്നു', സ്മിതാ മേനോന്‍ പറഞ്ഞു.

സ്മിത മേനോന്റെ പ്രതികരണം

'കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരന്‍ പങ്കെടുത്ത ഒരു അന്താരാഷ്ട്ര കോണ്‍ഫ്രന്‍സില്‍ എന്നെ കണ്ടതിന് ഫേസ്ബുക്ക് പ്രോഫൈലില്‍ നിന്ന് ചില പഴയ ഫോട്ടോകള്‍ തപ്പിയെടുത്ത് പല തരം കഥകളുണ്ടാക്കി കുറച്ചു നാളായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ആ ഫോട്ടോകളുടെ സത്യാവസ്ഥ മാധ്യമ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ചും എന്നെ അറിയുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം നന്നായി അറിയാം. അതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.എന്നെ നേരിട്ട് അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ ഇന്നലെ വിളിച്ചപ്പോള്‍ ഞാന്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറഞ്ഞ മറുപടി പൂര്‍ണ്ണമായും കൃത്യമായും മാധ്യമങ്ങളില്‍ വരാത്തതു കൊണ്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്. അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ (ഐഒആര്‍എ) പരിപാടിയുടെ സമാപന ദിവസം ഞാന്‍ പത്രക്കുറിപ്പ് തയ്യാറാക്കാന്‍ ഇരിക്കുന്നതും പിന്നീട് അപ്രൂവല്‍ വാങ്ങുന്നതുമായ ഫോട്ടോകളാണ് അവ. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള വ്യാപാരവും, ടൂറിസവും ശക്തമാക്കാന്‍ നടത്തുന്ന സമ്മേളനമാണ്. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുള്ള പരിപാടിയായിരുന്നു അത്. മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം (എംസിജെ) പോസ്റ്റ് ഗ്രാജുവേറ്റായ ഞാന്‍ 2007 മുതല്‍ കൊച്ചിയില്‍ പി.ആര്‍ ഏജന്‍സി നടത്തുന്നുണ്ട്. കൂടുതലും ശാസ്ത്ര, ബിസിനസ് കോണ്‍ഫ്രന്‍സുകള്‍ക്ക് പി.ആര്‍ ചെയ്യുന്ന എനിക്ക് ഒരു പി.ആര്‍ പ്രൊഫഷണല്‍ എന്ന നിലക്ക് വേണ്ടതിലധികം സ്‌നേഹവും പിന്തുണയും മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഒന്നും തന്നെ ഒരിക്കലും അതിന് തടസ്സമായിട്ടില്ല. സുതാര്യതയില്ലാതെ ഇന്നേ വരെ പ്രവര്‍ത്തിച്ചിട്ടില്ല.മേല്‍ പറഞ്ഞ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിആര്‍ റിപ്പോര്‍ട്ടിങ് ചെയ്യാന്‍ ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചു. ഒരു അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് ചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്.
മീഡിയ എന്‍ട്രി ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം സമാപന ദിവസം വന്നോളാന്‍ അനുവാദം തന്നു.
ഞാന്‍ സ്വന്തം ചെലവില്‍ കൊച്ചിയില്‍ നിന്ന് പോയത്. കൊച്ചി ബ്യൂറോയിലെ മിക്ക മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞിട്ടാണ് പോയത്. അവരാണ് എനിക്ക് അവിടുത്തെ കറസ്‌പോണ്‍ഡന്റ്‌സിന്റെ നമ്പറുകള്‍ തന്നത്. സമാപന ദിവസം ഞാന്‍ ചെന്നപ്പോള്‍ ഗള്‍ഫ് ന്യൂസ്', റോയിട്ടേഴ്‌സ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ എന്നിവ അവിടെ ഉണ്ട്. രണ്ടു ദിവസമായി അവര്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ ചാനലുകളും സമാപന ദിവസം വന്നു കവര്‍ ചെയ്തു.
എന്റെ ചേട്ടനും ഭാര്യയും ദുബായില്‍ ഡോക്ടര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ന്യൂസ് തയ്യാറാക്കി അയച്ചുകൊടുത്ത ശേഷം ഞാന്‍ ചേട്ടന്റെ വീട്ടില്‍ രണ്ട് ദിവസം താമസിച്ച് തിരിച്ചു പോന്നു. ഫോട്ടോ തിരയുന്നവര്‍ക്ക് ആ ഫോട്ടോകളും കാണാം.ഞാന്‍ അന്ന് കൊടുത്ത പ്രസ് റിലീസ് ഇവിടുത്തെ മാധ്യമങ്ങളുടെ മെയില്‍ ബോക്‌സില്‍ കാണും. ന്യൂസ് ഗൂഗിള്‍ ചെയ്താല്‍ കിട്ടും. സര്‍ക്കാറിന് ചെലവോ എന്തെങ്കിലും ബാദ്ധ്യതയോ ഇന്നേവരെ ഞാന്‍ ഉണ്ടാക്കിയിട്ടില്ല.
ഈ യാത്രയാണ് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്, പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലര്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും.
എന്റെ തൊഴിലാണ് ഞാന്‍ ചെയ്തത്. സത്യം ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം. എനിക്ക് അത്രയും മതി.'
 

Latest News