പട്‌ന- നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി കഴിഞ്ഞ മാസം സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച ബിഹാര്‍ മുന്‍ പോലീസ് മേധാവി ഗുപ്‌തേശ്വര്‍ പാണ്ഡെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുറത്ത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവില്‍ ചേര്‍ന്ന പാണ്ഡെ തന്റെ സ്വന്തം മണ്ഡലമായ ബക്‌സറില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിക പട്ടിക വന്നപ്പോള്‍ ബക്‌സറിലെ സ്ഥാനാര്‍ത്ഥി ബിജെപിയുടെ പരശുറാം ചതുര്‍വേദി. ഇതോടെ ഈ തെരഞ്ഞെടുപ്പില്‍ ജെഡിയു ടിക്കറ്റില്‍ മത്സരിക്കാമെന്ന മുന്‍ പോലീസ് മേധാവിയുടെ മോഹം പൊലിഞ്ഞു. ചതുര്‍വേദി മുന്‍ പോലീസ് കോണ്‍സ്റ്റബിളാണെന്നതും പാണ്ഡെയ്ക്ക് പ്രഹരമായി. സീറ്റിനു വേണ്ടിയുള്ള മത്സരത്തില്‍ ഡിജിപിയെ പുറത്താക്കിയ കോണ്‍സ്റ്റബിള്‍ എന്നാണ് ചതുര്‍വേദി ഇപ്പോള്‍ അറിയപ്പെടുന്നത്.
ഡിജിപിയോട് തനിക്ക് ബഹുമാനമെ ഉള്ളൂവെന്നും അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിക്കുന്നുവെന്നു ചതുര്‍വേദി പറഞ്ഞു. പോലീസില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് അടക്കം പല വകുപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ചതുര്‍വേദി ഇത് തനിക്ക് രാഷ്ട്രീയത്തില്‍ സഹായകമായിട്ടുണ്ടെന്നും പറഞ്ഞു. ബക്‌സറില്‍ വിജയ പ്രതീക്ഷയിലാണ് ഈ മുന്‍ കോണ്‍സ്റ്റബിള്‍.
നടന്‍ സുശാന്തിന്റെ മരണം അന്വേഷണമടക്കം നിതീഷ് സര്‍ക്കാരിനെ പിന്തുണച്ച മുന്‍ ഡിജിപി സ്വയം വിരമക്കലിനു മുന്നോടിയായ സ്വന്തമായി സോഷ്യല്‍ മീഡിയാ പ്രചാരണവും നടത്തിയിരുന്നു. വിരമിക്കല്‍ ദിവസം ഗുപ്‌തേശ്വര്‍ പാണ്ഡെയെ ഹീറോയാക്കി ചിത്രീകരിക്കുന്ന വിഡിയോയും പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം വന്ന ജെഡിയു സ്ഥാനാര്‍ത്ഥികളുടെ അവസാന പട്ടികയിലാണ് മുന്‍ ഡിജിപി ഗുപ്‌തേശ്വറിന്റെ പേരില്ലാതെ പോയത്. 243 അംഗ നിയമസഭയിലേക്ക് 122 സീറ്റിലാണ് ജെഡിയു മത്സരിക്കുന്നത്. സഖ്യകക്ഷിയായ ബിജെപി 121 സീറ്റിലും മത്സരിക്കും.