Sorry, you need to enable JavaScript to visit this website.

തൊഴിൽ മേഖല ഉടച്ചുവാർത്ത് പുതിയ തൊഴിൽ നിയമങ്ങൾ 

ഇന്ത്യയിലെ തൊഴിൽ രംഗം പുനഃസംഘടിപ്പിക്കുന്നതിനും തൊഴിൽ നിയമങ്ങൾ ഉടച്ചുവാർത്ത് പുതിയ ഒരു തൊഴിൽ മേഖലയ്ക്കും തൊഴിൽ സംസ്‌കാരം നടപ്പിലാക്കുന്നതിനും തൊഴിലാളി-തൊഴിലുടമ മാനേജ്‌മെന്റ് ബന്ധങ്ങൾ പുനർനിർവചനം ചെയ്യുന്നതിനും വേണ്ടി കേന്ദ്ര ഗവൺമെന്റ് നടപടികൾ തുടങ്ങിയിട്ട് വർഷങ്ങളായി. 
അതിന്റെ ഒരേകദേശ പരിസമാപ്തിയാണ് 2019-ൽ പാർലമെന്റ് പാസാക്കിയ ദി കോഡ് ഓൺ വേജസ് ആക്ട് (വേതന ചട്ടം). 2020-ൽ പാസാക്കിയ സോഷ്യൽ സെക്യൂരിറ്റി കോഡ് (സാമൂഹിക സുരക്ഷാ ചട്ടം), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (വ്യവസായ ബന്ധ ചട്ടം), ഒക്യുപ്പേഷൻ സേഫ്റ്റി കോഡ് (തൊഴിൽ സുരക്ഷാ ചട്ടം) എന്നീ നിയമങ്ങളും. ഈ നിയമങ്ങളിൽ ആശങ്കയും ഉത്കണ്ഠയും തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ടവർ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഗുണവും ദോഷവും എല്ലാം വെളിപ്പെടുന്നതിന് കാലങ്ങൾ എടുക്കും.

ഈ നാലു നിയമങ്ങൾ പാസായതോടെ നിലവിലുള്ള മുപ്പത്തിമൂന്ന് നിയമങ്ങൾ ഇല്ലാതാകും. 1936-ലെ പെയ്‌മെന്റ് ഓഫ് വേജസ് ആക്ട്, 1948-ലെ മിനിമം വേജസ് ആക്ട്, 1976-ലെ ഈക്വൽ റെമ്യൂണറൈസേഷൻ ആക്ട് 2019-ലെ വേതനാ ചട്ടം നിലവിൽ വന്നതോടെ  ഇല്ലാതായി. സാമൂഹിക സുരക്ഷാ ചട്ടം നടപ്പിലാകുമ്പോൾ എംപ്ലോയീസ് കോമ്പൻസേഷൻ നിയമം, ഇ.എസ്.ഐ നിയമം, ഇ.പി.എഫ് നിയമം, മെറ്റേണിറ്റി ബെനിഫിറ്റ് നിയമം, ഗ്രാറ്റുവിറ്റി നിയമം തുടങ്ങിയ ഒൻപത് നിയമങ്ങളാണ് ഇല്ലാതാകുന്നത്.


തൊഴിലാളി, തൊഴിലുടമ, സ്ഥാപനം, വേതനം എന്നിവയ്ക്ക് നാലു നിയമങ്ങളിലും സമാന നിർവചനമാണ് നൽകിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവ സംബന്ധിച്ച ആശയക്കുഴപ്പങ്ങളും തർക്കങ്ങളും എല്ലാം ഒഴിവാകുമെന്ന് പറയാം. റദ്ദാക്കപ്പെടുന്ന നിയമങ്ങൾ വഴി ജീവനക്കാർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അതേപടി പുതിയ നിയമങ്ങൾ പ്രകാരവും ലഭിക്കും. 
ഗ്രാറ്റുവിറ്റി ലഭിക്കാൻ ചുരുങ്ങിയത് അഞ്ചു വർഷത്തെ തൊഴിൽ കാലയളവ് വേണമെന്ന നിലവിലെ നിബന്ധന ഒഴിവാക്കി തൊഴിലിന്റെ സ്വഭാവമനുസരിച്ച് ഗ്രാറ്റുവിറ്റിക്ക് അർഹത നിശ്ചയിക്കാൻ സാമൂഹിക സുരക്ഷാ ചട്ടം വ്യവസ്ഥ ചെയ്യുന്നു. സ്ഥിരം ജീവനക്കാർക്ക്  5 വർഷത്തെ  കാലയളവ് തുടരുമ്പോൾ കരാർ ജീവനക്കാർക്ക് തൊഴിൽ കാലയളവിന്റെ അടിസ്ഥാനത്തിലായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക. 
അതിഥി തൊഴിലാളികളെയും സാമൂഹിക സുരക്ഷാ ചട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കും 3 വർഷത്തിന് ശേഷം ഗ്രാറ്റുവിറ്റി ലഭിക്കും. അതിഥി തൊഴിലാളികൾക്ക് സ്വന്തം സംസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്രാ ബത്ത തൊഴിൽദാവ് നൽകണമെന്നും വ്യവസ്ഥയുണ്ട്. 


അപകടകരമോ ജീവനു ഭീഷണി ഉള്ളതോ ആയ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിൽ  ഒരു തൊഴിലാളി മാത്രമാണ് ജോലി ചെയ്യുന്നതെങ്കിലും ഇ.എസ്.ഐ ആനുകൂല്യവും 20 ജോലിക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും പുതിയ കോഡനുസരിച്ച് ഇ.പി.എഫ് ആനുകൂല്യങ്ങളും ലഭിക്കും. വീട്ടുവാടക ബത്ത, ഓവർടൈം അലവൻസ്, കമ്മീഷൻ, യാത്രാ ബത്ത എന്നിവ  വേതനം എന്ന പദത്തിന്റെ നിർവചനത്തിൽ നിന്ന് ഒഴിവാക്കിയതിലൂടെ ഇ.പി.എഫ്, ഇ.എസ്.ഐ, കോൺട്രിബ്യൂഷനുകളിൽ തൊഴിലാളിക്കും തൊഴിലുടമക്കും കോൺട്രിബ്യൂഷൻ ബാധ്യത കുറയും. 100 തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ കാന്റീനും, 50 ലേറെ ജോലിക്കാരുള്ള സ്ഥാപനങ്ങൾ പുരുഷ-വനിത, ട്രാൻസ്‌ജെന്റർ ജീവനക്കാർക്ക് വേവ്വേറെ വിശ്രമ മുറികളും ഭക്ഷണമുറികളും ഒരുക്കണം. 


വ്യവസായ ബന്ധ ചട്ടം പ്രാബല്യത്തിൽ വരുന്നതോടെ നിലവിലുള്ള ട്രേഡ് യൂനിയൻ ആക്ട്, സ്റ്റാന്റിംഗ് ഓർഡേഴ്‌സ് ആക്ട്, ഇൻസ്ട്രിയൽ ഡിസ്പ്യൂട്ട് ആക്ട് എന്നിവ റദ്ദാകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളെയും വ്യവസായ ബന്ധ ചട്ടത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാക്ടറി, ഖനികൾ, പ്ലാന്റേഷൻ എന്നിവിടങ്ങളിലെ ജീവനക്കാരുടെ എണ്ണം മുന്നൂറോ അതിൽ കൂടുതലോ ആണെങ്കിൽ മാത്രം ജീവനക്കാരെ പിരിച്ചു വിടുന്നതിനും ലേ ഓഫ് ചെയ്യുന്നതിനും സ്ഥാപനങ്ങൾ അടച്ചു പൂട്ടുന്നതിനും സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയാൽ മതി. നേരത്തെ തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധി നൂറോ അതിൽ കൂടുതലോ ആയിരുന്നു. നേരത്തെയുള്ളതിൽ നിന്നും വ്യത്യസ്തമായി സമരത്തിന് 14 ദിവസത്തെ നോട്ടീസ് നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. 


14 ദിവസത്തെ നോട്ടീസില്ലാതെ സമരം പാടില്ലെന്ന് നിയമം പറയുന്നുണ്ട്. സ്ഥാപനത്തിലെ പകുതിയിലേറെ ജീവനക്കാർ സംഘടിതമായി അവധിയെടുത്താലും അത് സമരമായി കണക്കാക്കും. അതുപോലെ തന്നെ തർക്ക പരിഹാര ഓഫീസർ മുമ്പാകെ ചർച്ചകൾ നടന്നു കൊണ്ടിരിയ്‌ക്കെ സമരം ചെയ്യുന്നതും നിയമ വിരുദ്ധമാക്കിയിട്ടുണ്ട്. സിവിൽ കോടതിക്കുളള പല അധികാരങ്ങളും തർക്കപരിഹാര ഓഫീസർമാർക്കും പുതിയ നിയമത്തിലൂടെ ലഭിക്കും. കോഡ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് കർക്കശമായ ശിക്ഷകളായണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ചെറിയ വീഴ്ചകൾക്കു പോലും മൂന്നു മാസം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. തൊഴിലാളികൾ നിയമലംഘനം നടത്തിയാൽ പരമാവധി പിഴ 10,000 രൂപയാണ്.


കോഡ് ഓൺ ഒക്യുപ്പേഷണൽ സേഫ്റ്റി പ്രാബല്യത്തിൽ വരുന്നതോടെ ഫാക്ടറീസ് ആക്ട്, കോൺട്രാക്ട് ലേബർ ആക്ട് തുടങ്ങിയ പതിമൂന്ന് നിയമങ്ങളാണ് ഇല്ലാതാകുന്നത്. പുതിയ നിയമം അനുസരിച്ച് തൊഴിലാളികളെ ഓവർടൈം ജോലിക്ക് നിയോഗിക്കണമെങ്കിൽ അവരുടെ രേഖാമൂലമുള്ള അനുമതി മുൻകൂറായി വാങ്ങിയിരിക്കണം. കോൺട്രാക്ട് ലേബർ നിയമത്തിന്റെ പരിധിയിൽ വരുന്ന തൊഴിലാളികളുടെ എണ്ണത്തിന്റെ പരിധി നിലവിലുള്ള 20-ൽ നിന്ന് 50 ആയി പുതിയ നിയമത്തിൽ ഉയർത്തിയിട്ടുണ്ട്. കരാർ തൊഴിലാളികളുടെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് പ്രധാന തൊഴിലുടമ നൽകണമെന്ന വ്യവസ്ഥയും പുതിയ നിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. 


അസംഘടിത മേഖലയിലടക്കം തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റമാണ് പുതിയ നിയമങ്ങളിലൂടെ സംജാതമായിരിക്കുന്നത്. തൊഴിൽ നിയമങ്ങൾ ഉദാരമാക്കി എന്ന് അവകാശപ്പെടാമെങ്കിലും സുരക്ഷ തൊഴിലാളിക്കോ, തൊഴിലുടമക്കോ എന്ന വസ്തുത കാത്തിരുന്നു കാണേണ്ടതാണ്.             
(കേരള ഹൈക്കോടതിയിലേയും കേരള  അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലേയും ഗവൺമെന്റ് പ്ലീഡറായിരുന്നു ലേഖകൻ) 

Latest News