Sorry, you need to enable JavaScript to visit this website.

റിപബ്ലിക് ഉള്‍പ്പെടെ മൂന്ന് ചാനലുകളുടെ ടിആര്‍പി തട്ടിപ്പ് മുംബൈ പോലീസ് പിടികൂടി; അര്‍ണാബ് വെട്ടില്‍

മുംബൈ- ടിവി ചാനല്‍ കാഴ്ച്ചകാരുടെ എണ്ണം അളക്കുന്ന ടിആര്‍പി റേറ്റില്‍ തിരമറി നടത്തുന്ന സംഘത്തെ പിടികൂടിയതായി മുംബൈ പോലീസ് ക്രൈം ബ്രാഞ്ച്. ബിജെപിയുടെ പ്രൊപഗന്‍ഡ ചാനലായി പ്രവര്‍ത്തിക്കുന്ന റിപബ്ലിക് ടിവി, ഫാസ്റ്റ് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകളാണ് വ്യാജ ടിആര്‍പി റേറ്റു കാണിച്ച് പ്രേക്ഷകരേയും പരസ്യദാതാക്കളേയും കബളിപ്പിച്ചതായി കണ്ടെത്തിയത്. രണ്ടു ചാനല്‍ ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു. റിപബ്ലിക് ഉടമയും എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയെ പിടികൂടാനുള്ള ഒരുക്കത്തിലാണ് പാലീസ്. റിപബ്ലിക്കിന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. 

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച് കൗണ്‍സില്‍ (ബാര്‍ക്ക്) ആണ് ടിആര്‍പി നിരക്ക് അളയ്ക്കുന്നത്. ഇതിനായി മുംബൈയില്‍ ബാര്‍ക്ക് 2000 ബാരോമീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ സ്ഥാപിച്ച സ്ഥലം സംബന്ധിച്ച വിവരങ്ങള്‍ അതീവ രഹസ്യമായാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ ഈ ബാരോമീറ്ററുകള്‍ സ്ഥാപിക്കാനുള്ള കരാര്‍ എടുത്തിരുന്ന ബാര്‍ക്ക് മുന്‍ ജീവനക്കാരന്‍ ഇവയില്‍ തിരിമറി നടത്തി വ്യാജ കണക്കുകളുണ്ടാക്കുന്നതായി അന്വേഷണത്തില്‍ വ്യക്തമായതായി മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിങ് പറഞ്ഞു. ബാരോമീറ്റര്‍ സ്ഥാപിക്കപ്പെട്ട ഇടങ്ങളില്‍ പ്രത്യേക ചാനല്‍ സ്ഥിരമായി കാണാനാണ് ഇവര്‍ നിര്‍ദേശിച്ചിരുന്നത്. ഇംഗ്ലീഷ് അറിയാത്തവര്‍ പോലും ഇംഗ്ലീഷ് ചാനലായ റിപബ്ലിക് ചാനല്‍ കാണാന്‍ അവിഹിത ഇടപാടുകള്‍ നടന്നിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രൊഗന്‍ഡ യന്ത്രമായാണ് റിപബ്ലിക് പ്രവര്‍ത്തിക്കുന്നതെന്നും ഇവരുടെ ടിആര്‍പി കള്ളക്കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണെന്നും കമ്മീഷണര്‍ പറഞ്ഞു. 

പെരുപ്പിച്ച് കാണിച്ച ടിആര്‍പി നിരക്കുകള്‍ ഉപയോഗിച്ച് ഈ ചാനലുകള്‍ വന്‍തുകയുടെ പരസ്യങ്ങള്‍ സ്വന്തമാക്കിയത് കുറ്റകൃത്യമായി പരിഗണിച്ച നടപടി സ്വീകരിക്കുമെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു. 

പോലീസിനെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്ന് റിപബ്ലിക് ടിവി അറിയിച്ചു. സുശാന്ത് സിങ് രജപുതിന്റെ മരണുവം പല്‍ഘര്‍ സംഭവവും അന്വേഷിക്കുന്നതു തുടരുമെന്നും പൊരുതുമെന്നും ചാനല്‍ പ്രസ്താവനയില്‍ പറഞ്ഞു.

Latest News