ന്യൂദൽഹി- ഈയിടെയായി ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട സ്വാതന്ത്ര്യങ്ങളിലൊന്ന് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് സുപ്രീം കോടതി. തബ്‌ലീഗ് സമ്മേളനം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളിൽ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മാധ്യമങ്ങൾ വിദ്വേഷ പ്രചാരണം നടത്തിയിട്ടില്ലെന്ന കേന്ദ്ര സർക്കാർ സത്യവാങ്മൂലം സുപ്രീം കോടതി തള്ളി. പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
വൈറസ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കെ ദൽഹിയിൽ മർകസ് നിസാമുദീനിൽ നടന്ന തബ്‌ലീഗി സമ്മേളനത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ സംബന്ധിച്ച കേസിലായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം.